13/05/2026
നമ്മുടെ ജീവിതവും പലപ്പോഴും ഒരു ചുഴിയിൽപ്പെട്ട യാത്ര പോലെയല്ലേ?
ഈയടുത്ത് ഞാൻ ഒരു മലയാള സിനിമ കണ്ടു.
ടൈം ട്രാവലും ജീവിതവും ചേർത്ത് പറഞ്ഞ ആ സിനിമ എനിക്ക് വളരെ ഇഷ്ടമായി. പക്ഷേ സിനിമ കഴിഞ്ഞിട്ടും മനസ്സിൽ നിന്നുപോകാതെ നിന്ന ഒരു ചിന്തയുണ്ട് — നമ്മുടെ ജീവിതവും പലപ്പോഴും ഒരു ചുഴിയിൽപ്പെട്ട യാത്ര പോലെയല്ലേ?
ഒരു നദിയിലെ ചുഴിയിൽ അകപ്പെട്ടാൽ, ആദ്യം നമ്മൾ അതിനെ ചെറുക്കാൻ ശ്രമിക്കും. പിന്നെ ക്ഷീണിക്കും. പിന്നീട് ആ ചുഴിയുടെ ശക്തിക്കൊപ്പം വെറുതെ കറങ്ങിക്കൊണ്ടിരിക്കും. ആരെങ്കിലും വന്ന് രക്ഷിക്കുമോ എന്ന് പ്രതീക്ഷിക്കും. പക്ഷേ യാഥാർത്ഥ്യം പലപ്പോഴും വേറെയാണ്. ചിലർക്കെങ്കിലും ഒരു വൈക്കോൽ തുരുമ്പ് പോലും കിട്ടാറില്ല.
അവസാനം രക്ഷപ്പെടാനുള്ള ഏക മാർഗം — കഴിയുന്നതും ശക്തിയായി നീന്തി ആ ചുഴിയെ മറികടന്ന് പുറത്തേക്ക് വരിക.
എല്ലാവർക്കും അത് സാധിക്കണമെന്നില്ല. പലരും ചുഴിക്കൊപ്പം കറങ്ങി കറങ്ങി ഒടുവിൽ കീഴടങ്ങും.
ഇന്നത്തെ പല ബിസിനസുകളുടെയും അവസ്ഥ ഇതുപോലെയാണ്.
വ്യക്തമായ പ്ലാനിങ്ങോ മാർക്കറ്റ് സ്റ്റഡിയോ ഇല്ലാതെ പലരും ബിസിനസിലേക്ക് ഇറങ്ങുന്നു. ആദ്യം സ്വരൂപിച്ച മൂലധനം ഓഫീസ് ഫർണിഷ് ചെയ്യാനും ബോർഡ് ഇടാനും അത്യാവശ്യ ഉപകരണങ്ങൾ വാങ്ങാനും ചെലവായി തീരും. പിന്നെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പുറകെയുള്ള ഓട്ടം തുടങ്ങും.
“ഒരു ചെറിയ ലോൺ കിട്ടിയാൽ കാര്യങ്ങൾ എല്ലാം ശരിയാകും” എന്ന് കരുതുന്നവരാണ് പലരും. പക്ഷേ പലപ്പോഴും അത് പ്രശ്നങ്ങളുടെ തുടക്കമാകുന്നു. ബാങ്കിൽ നിന്ന് കിട്ടുന്ന വായ്പ പോരാതെ വന്നാൽ സ്വന്തം സ്വർണം, ഭാര്യയുടെ ആഭരണം, കുടുംബത്തിന്റെ സമ്പാദ്യം എല്ലാം പണയം വയ്ക്കും. പിന്നീട് ബാങ്കുകൾ പോലും കൈവിട്ടാൽ മുത്തൂറ്റ്, കോശമറ്റം പോലുള്ള NBFCകളിലേക്ക് പോകും. എട്ടോ ഒമ്പതോ ശതമാനത്തിന് ലഭിക്കേണ്ട വായ്പയ്ക്ക് 22% - 24% വരെ പലിശ കൊടുക്കേണ്ട അവസ്ഥ.
അവിടെയും പണം കിട്ടാതെ വന്നാൽ “ഡെയിലി ചിട്ടി” പോലുള്ള സംവിധാനങ്ങളിലേക്ക് ആളുകൾ വീഴും. അമ്പതിനായിരം രൂപയുടെ പേരിൽ കിട്ടുന്നത് 41,000 അല്ലെങ്കിൽ 42,000 രൂപ മാത്രം. പക്ഷേ തിരിച്ചടവ് 50 ആഴ്ച. പുറത്തുനിന്ന് നോക്കുമ്പോൾ ചെറിയ സഹായം പോലെ തോന്നും, പക്ഷേ യാഥാർത്ഥ്യത്തിൽ അത് മറ്റൊരു ചുഴിയാണ്.
ഏതാണ്ട് എല്ലാ ബിസിനസുകാരും ഒരിക്കൽ എങ്കിലും ഈ അവസ്ഥകളിലൂടെ കടന്നുപോകാറുണ്ട്.
അതുകൊണ്ട്, ഒരു ബിസിനസ് തുടങ്ങുന്നതിന് മുമ്പ് ഒരു ലളിതമായ കണക്ക് എങ്കിലും കൂട്ടിക്കാണുക:
കടയുടെ വാടക
KSEB ചാർജ്
ജീവനക്കാരുടെ ശമ്പളം
ദിവസേനയുള്ള മറ്റു ചെലവുകൾ
ഇവയെല്ലാം ചേർത്ത് ഒരു മാസത്തെ ചെലവ് കണക്കാക്കുക. പിന്നെ അത് 30 കൊണ്ട് ഭാഗിക്കുക. അപ്പോൾ ഒരു ദിവസത്തെ യഥാർത്ഥ ചെലവ് മനസ്സിലാകും. അതിനുശേഷം ഒരു ദിവസത്തിൽ നിങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി ലാഭവുമായി അത് താരതമ്യം ചെയ്യുക.
ആറ് മാസം കൊണ്ടോ ഒരു വർഷം കൊണ്ടോ ലാഭകരമാക്കാൻ കഴിയാത്ത ബിസിനസ് ആണെങ്കിൽ, ദയവായി അതിലേക്ക് കാൽവെക്കാതിരിക്കുക.
നിങ്ങൾ ഇപ്പോൾ ഒരു ജോലിക്ക് പോകുന്ന ആളാണെന്ന് കരുതൂ. മാസം മുപ്പതിനായിരം രൂപ ശമ്പളം കിട്ടുന്നു. അത്രയെങ്കിലും ബിസിനസിൽ നിന്ന് സ്ഥിരമായി എടുക്കാൻ കഴിയില്ലെങ്കിൽ, വെറും “സ്വന്തമായി ഒരു ബിസിനസ് വേണം” എന്ന വികാരത്തിന്റെ പേരിൽ ഇറങ്ങരുത്.
ഞാനും യാദൃശ്ചികമായി ബിസിനസ് രംഗത്തേക്ക് വന്ന ഒരാളാണ്. കോടികൾ കണ്ട സമയവും ഉണ്ടായിരുന്നു. അതിനുശേഷം വലിയ പ്രതിസന്ധികളും നേരിട്ടു. പക്ഷേ കടത്തിന്റെ ചുഴിയിൽ നിന്ന് തിരികെ കയറാൻ എനിക്ക് സാധിച്ചു. എല്ലാവർക്കും അത് സാധിക്കണമെന്നില്ല.
കാരണം, സമയത്ത് ശരിയായ തീരുമാനമെടുക്കാൻ പലർക്കും കഴിയാറില്ല.
നഷ്ടത്തിൽ ഓടുന്ന ഒരു ബിസിനസ് അവസാനിപ്പിക്കാൻ പലർക്കും മടിയുണ്ട്. സമൂഹത്തിലെ “ഡിഗ്നിറ്റി” അതിന് തടസ്സമാകും. “അയൽക്കാർ എന്ത് പറയും?”, “സുഹൃത്തുക്കൾ എന്ത് കരുതും?” എന്ന ചിന്തയിൽ ആളുകൾ നഷ്ടം അറിയുമ്പോഴും വീണ്ടും വീണ്ടും അതേ ബിസിനസ് മുന്നോട്ട് കൊണ്ടുപോകും. ഒടുവിൽ പ്രശ്നങ്ങൾ കൂടുതൽ വലുതാകും.
സത്യത്തിൽ നമ്മൾ എന്തിനാണ് അയൽക്കാരെ ഭയപ്പെടുന്നത്?
കേരളത്തിൽ നടക്കുന്ന പല ആത്മഹത്യകളുടെയും പിന്നിൽ ഇത്തരം സാമ്പത്തിക ചുഴികളുണ്ട്.
അതിൽ നിന്ന് പുറത്തേക്ക് കയറാൻ നിങ്ങൾ തന്നെ ശ്രമിക്കണം. മറ്റാരും സ്ഥിരമായി നിങ്ങളെ രക്ഷിക്കാൻ വരില്ല. ഒടുവിൽ ദൈവം മാത്രം കൂടെയുണ്ടാകും.
ഇവിടെ ഒരു കാര്യവും കൂടി പറയണം — ഇത്തരം സമ്മർദ്ദകാലങ്ങളിൽ പലരും മദ്യത്തിലേക്ക് വഴുതിവീഴും. പക്ഷേ അത് ചുഴിയുടെ ഭീകരത വർധിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല. പ്രശ്നങ്ങൾ കുറയില്ല; കടം മാത്രം കൂടും.
ഖുർആനിൽ മനുഷ്യജീവിതം സമാധാനത്തോടെ മുന്നോട്ട് പോകാൻ ഒഴിവാക്കേണ്ട മൂന്ന് കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്:
രോഗം
കടം
ശത്രു
ഇവ മൂന്നും ഇല്ലെങ്കിൽ മനുഷ്യന് ജീവിതം വളരെ ലളിതമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.
ഇപ്പോൾ നിങ്ങൾ ഒരു ഹോട്ടലോ സൂപ്പർമാർക്കറ്റോ തുടങ്ങാനാണ് ആലോചിക്കുന്നതെങ്കിൽ, ഇന്നത്തെ മാർക്കറ്റ് അവസ്ഥ മനസ്സിലാക്കി വളരെ ആലോചിച്ചശേഷം മാത്രമേ തീരുമാനമെടുക്കാവൂ. പല സാഹചര്യങ്ങളിലും “തുടങ്ങാതിരിക്കുക” തന്നെയാകാം ഏറ്റവും നല്ല തീരുമാനം.
പുതിയൊരു ബിസിനസ് ആരംഭിക്കാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, ദയവായി പരിചയസമ്പന്നരുമായി കൺസൾട്ട് ചെയ്യുക.
ഒരു ശരിയായ ഉപദേശം, പലപ്പോഴും, ഒരു മനുഷ്യനെ കടത്തിന്റെ ചുഴിയിൽ നിന്ന് രക്ഷിക്കാറുണ്ട്.