13/02/2026
കനോലി കനാലിലൂടെ ഒരു ചരിത്രയാത്ര....
✍️ മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ചാവക്കാട് കൂട്ടുങ്ങൽ അങ്ങാടി, അജയ് കനോലി കനാലിന്റെ തീരത്ത് ഓളങ്ങളുടെ മൃദുചലനം നോക്കി നിൽക്കുകയായിരുന്നു. അവന്റെ അച്ഛൻ ഒരു ചരക്ക് വഞ്ചിക്കാരൻ ആയിരുന്നു. ചെറുപ്പത്തിൽ നിരവധി തവണ അവൻ അച്ഛനുമായി ചരക്ക് ഇറക്കാൻ പോയിട്ടുണ്ട്. അന്നേരം അച്ഛൻ പറഞ്ഞു തരുന്ന കഥകൾ ഇപ്പോഴും അവന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്.
“ഇത് കനോലി കനാൽ,” അവൻ അച്ഛന്റെ വാക്കുകൾ ഓർത്തു. “1845 ൽ മലബാർ കളക്ടർ എച്ച്. വി. കനോലിയുടെ ദൂരദർശിത്വ ചിന്തയിൽ നിർമ്മിച്ച ജലഗതാഗത പാത.” ആ പുഴ, അന്നേരം ഒരു കഥയെന്നപോലെ അവന്റെ മനസ്സിൽ പതിച്ചു. 1845 ൽ കനോലി രൂപപ്പെടുത്തിയ പദ്ധതി, വടക്ക് എലത്തൂർ മുതൽ തെക്ക് പെരിയാർ വരെ 170 കിലോമീറ്റർ നീളത്തിൽ വലിയ ചരക്കുകൾക്കും യാത്രകൾക്കും അനുയോജ്യമായ ഒരു ജലപാത ഒരുക്കുക എന്നായിരുന്നു.
1848 ൽ എലത്തൂർ മുതൽ കല്ലായി വരെ ആദ്യഘട്ടം പൂർത്തിയായപ്പോൾ, ബേപ്പൂർ, കടലുണ്ടി, തിരൂർ വഴി പൊന്നാനിയിലെ ഭാരതപ്പുഴയിൽ കനാൽ ലയിച്ചു. 1855 ൽ കനോലി മരണപ്പെട്ടെങ്കിലും, മലബാർ കളക്ടർ റോബിൻസൺ പ്രവർത്തനം തുടരുകയും, 29 കിലോമീറ്റർ മനുഷ്യ നിർമ്മിത പാത പൂർണ്ണമാക്കുകയും ചെയ്തു. ഒരുമനയൂരിലും മറ്റും ലോക്കുകൾ പണിതത് ആ കാലത്തെ എഞ്ചിനീയറിങ്ങിന്റെ തെളിവാണ്.
അജയ്, അവിടെ ഇട്ടിരുന്ന ഒരു വഞ്ചിയിൽ കയറി, ചാവക്കാട് അങ്ങാടിയുടെ തിരക്കുകൾ കണ്ട് അങ്ങനെ ഇരുന്നു. ആ വഞ്ചികളിൽ പൊരി അലുവ, നെല്ല്, ഏല, കൊപ്ര, വെളിച്ചെണ്ണ തുടങ്ങി നിരവധി ചരക്കുകൾ ഉണ്ടായിരുന്നു.
ആ സന്ധ്യയിൽ പുഴയുടെ ഓളങ്ങൾക്ക് ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു. അജയ് ഓർമ്മകളിൽ മണത്തല നേർച്ച നിറഞ്ഞു. ചെണ്ടമേളങ്ങളുടെ താളം, കതിനവെടികളുടെ അലയൊളി, പൊരി അലുവയുടെ മണവും ചന്തയുടെ തിരക്കും. ആനകൾ വെള്ളത്തിലൂടെ നടന്നു അക്കരെ കടക്കുന്നു. ഈ ജലപാത മനുഷ്യജീവിതത്തിന്റെ സാക്ഷിയാണ്. അവന്റെ മനസ് പറഞ്ഞു.
മണത്തല മസ്ജിദ്, വിശ്വനാഥ ക്ഷേത്രം, പാലയൂർ പള്ളി, സാംസ്‌കാരിക സാന്നിധ്യങ്ങൾ,
തോമാശ്ലീഹയുടെ സാന്നിധ്യം, ജൂതകുന്ന്, തളിയക്കുളം, ബോട്ടുകുളം,
പുന്നയൂർക്കുളത്തെ നാലാപ്പാട് തറവാട്, കളരി, പുള്ളുവൻ പാട്ട്, സംഘം കളി, ഒരുമനയൂരിലെ നമ്പൂതിരി മനകൾ, മരപ്പാലം, കടപ്പുറം, മൂന്നു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലം, മത്തിക്കായൽ നീർത്തടം, നാട്ടുവൈദ്യരുടെ പാരമ്പര്യം.... അച്ഛൻ പറഞ്ഞുതന്ന കാര്യങ്ങളുടെ ചിന്തകളിൽ നിന്ന് അറബിക്കടലിന്റെ ശബ്ദം അവനെ ഉണർത്തി.
വഞ്ചി ചേറ്റുവയിൽ എത്തിയിരുന്നു. വഞ്ചിക്കാരൻ വഞ്ചിയിലെ അവസാന ചരക്കും ഇറക്കി വഞ്ചി ചാവക്കാട്ടേക്ക് തിരിച്ചു തുഴയാൻ തുടങ്ങിയിരിക്കുന്നു ചേറ്റുവ കായൽ, കരുവന്നൂർ പുഴയുടെ കൂടിച്ചേരൽ, 1714 ൽ ഡച്ചുകാർ പണിത വില്യം ഫോർട്ട്, യുദ്ധങ്ങൾ, സാമൂതിരിയും ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും അങ്ങനെ നീളുന്ന ചരിത്രം വീണ്ടും അവന്റെ മനസിനെ കീഴടക്കി.
വഞ്ചി ചാവക്കാട് എത്തുമ്പോൾ രാത്രി വളരെ ഇരുട്ടിയിരുന്നു. അവന്റെ ഓർമയിൽ കൂട്ടുങ്ങൽ അങ്ങാടിയുടെ ഹൃദയവേദിയും, സംസ്കാരങ്ങളുടെ സംഗമവും, മനുഷ്യജീവിതത്തിന്റെ ഒഴുക്കുമെല്ലാം ചാവക്കാട് മുതൽ ചേറ്റുവ വരെ നടന്ന ആ യാത്രയിൽ, മനസ്സിൽ പതിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ വിശപ്പ് മറന്ന വയറിന്റെ ജീവനത്തിനായി അവൻ ചന്ദ്രൂസ് ഹോട്ടൽ ലക്ഷ്യമാക്കി നടന്നു.
-ശുഭം-
#കനോലികനാൽ #എച്ച്_വി_കനോലി
#ചാവക്കാട് #കൂട്ടുങ്ങൽ_അങ്ങാടി
#മുഹമ്മദ്_സഗീർ_പണ്ടാരത്തിൽ