11/08/2024
ഫുഡ് കാറ്ററിംഗ് സർവീസ് വീട്ടിൽ തുടങ്ങാം
പഠനാവശ്യങ്ങൾക്കും ജോലിക്കുമായി വീട് വിട്ട് നഗര പ്രദേശങ്ങളിൽ താമസമാക്കുന്നവരുടെ എണ്ണം കൂടി വരികയാണല്ലോ. സമയ പരിമിതികൾ മൂലം ഭക്ഷണം പാകം ചെയ്യാൻ ഇത്തരക്കാർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഹോട്ടലിൽ നിന്നുള്ള ഭക്ഷണം സാമ്പത്തികമായും ആരോഗ്യപരമായും നല്ലതല്ല എന്ന കാഴ്ചപാട് വീട്ടിലെ ഊണ് പോലെ ഉള്ള സംരംഭങ്ങളുടെ ആവശ്യകത വർധിപ്പിക്കുന്നു. ആർക്കും സ്വന്തം വീട്ടിൽ ഒന്നോ രണ്ടോ പേരുടെ സഹായത്തോടെ തുടങ്ങാൻ കഴിയുന്ന സംരംഭമാണിത്. ബേക്കറികളിലേക്കും ഹോസ്റ്റലുകളിലേക്കും ആവശ്യമായ ഭക്ഷണ സാധനങ്ങൾ വീട്ടിൽ തയ്യാറാക്കി വിതരണം ചെയ്യുന്നവർ നമുക്ക് ചുറ്റുമുണ്ട്.
സഹായപദ്ധതികൾ
1. സ്ഥിര ആസ്തികളോട് കൂടിയ വായ്പ എടുത്ത് സംരംഭം ആരംഭിക്കുന്നതിന് PMEGP പദ്ധതിയിൽ അപേക്ഷിക്കാം. 15 % മുതൽ 35 % വരെ സബ്സിഡി ലഭിക്കും.
2. വ്യവസായ വായ്പക്ക് പലിശ സബ്സിഡി ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഒരു കുടുംബം ഒരു സംരംഭം പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.
3. വിദേശത്തു നിന്ന് മടങ്ങി എത്തിയവർക്ക് നോർക്കയുടെ NDPREM പദ്ധതിയിൽ 15 % സബ്സിഡി ലഭിക്കും.
ആവശ്യമായ അനുമതികൾ
10 ലക്ഷത്തിൽ താഴെ മുതല്മുടക്കും 5 HP യിൽ താഴെ വൈദ്യുതി ഉപയോഗവും വരുന്ന നാനോ ഗാർഹിക വ്യവസായങ്ങൾക്ക് പഞ്ചായത്ത് ലൈസൻസ് ആവശ്യമില്ല എന്നത് മുൻപ് പറഞ്ഞിട്ടുണ്ടല്ലോ.
വീട്ടിൽ കാറ്ററിംഗ് യൂണിറ്റ് തുടങ്ങുന്നതിന് :
1. ഉദ്യം രെജിസ്ട്രേഷൻ,
2. FSSAI രെജിസ്ട്രേഷൻ,
3. പൊലൂഷൻ കണ്ട്രോൾ ബോര്ഡില് നിന്നുള്ള അനുമതി,
4. ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർക്കുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
എന്നിവ നേടിയിരിക്കണം.
വിപണനം
ഉച്ചയൂണ്, ബേക്കറി ഉത്പന്നങ്ങൾ, വീട്ടു ചടങ്ങുകളിലേക്ക് ആവശ്യമായ ഭക്ഷണം എന്നിങ്ങനെ ഭക്ഷ്യ യൂണിറ്റുകളുടെ വിപണന സാധ്യതകൾ അനവധി ആണ്. തുടക്കം ഏതെങ്കിലും ഒരു വിഭാഗത്തെ കേന്ദ്രീകരിച്ച് വിപണന പദ്ധതികൾ തയ്യാറാക്കുക. ഉൾപ്പെടുത്തേണ്ട ഭക്ഷണ ഉത്പന്നങ്ങളുടെ മെനു, ഉത്പ്പാദന സംവിധാനം, വിതരണ സംവിധാനം എന്നിവ തയ്യാറാക്കുക.
ഓഫീസുകൾ , ബാങ്കുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ സാന്നിധ്യം ഉറപ്പാക്കുന്നതിനോടൊപ്പം സോഷ്യൽ മീഡിയ മാർക്കറ്റിംഗ് പോലെ ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തുക.
ഈ മേഖലയിൽ ഉള്ള മറ്റ് സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തത പുലർത്താൻ ശ്രമിക്കണം. മെനുവിലും പാക്കിങ്ങിലും വിതരണത്തിലും ഒക്കെ സ്വന്തമായി ഒരു വ്യക്തിത്വം നിങ്ങളുടെ സംരംഭത്തിന് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം. ZOMATO, SWIGGY പോലുള്ള ഭക്ഷ്യ വിതരണ കമ്പനികൾ നിരന്തരം നമ്മുടെ മുന്നിൽ സാന്നിധ്യം അറിയിക്കുന്നത് ഡെലിവറി ബോയ്സിന്റെ വസ്ത്രത്തിലൂടെയും ബാഗിലൂടെയും ഒക്കെ കൂടി ആണെന്ന് ഓർക്കുക.
ഇന്ന് ലോകത്തിൽ അതിവേഗം വളരുന്ന ഒരു മേഖലയാണ് ഭക്ഷ്യ വിതരണം. വ്യക്തമായ ആസൂത്രണത്തോടെ കൈകാര്യം ചെയ്താൽ പെട്ടെന്ന് വളരാനും കൂടുതൽ പേർക്ക് തൊഴിൽ നൽകാനും ഇത്തരം സംരംഭങ്ങൾക്ക് സാധിക്കും. താല്പര്യം ഉള്ളവർക്ക് വളരെ എളുപ്പത്തിൽ തുടങ്ങാവുന്ന ഒരു സംരംഭം കൂടിയാണ് ഇത്.
വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ബിസിനസ് ലോൺ, ലൈസൻസ്, സബ്സിഡി അപേക്ഷകൾ കുറഞ്ഞ ചിലവിൽ തയ്യാറാക്കുന്നതിനും ബന്ധപ്പെടാവുന്നതാണ് - 97781 57239