22/02/2020
വാഹനാപകടം ഒഴിവാക്കാൻ
രാത്രി നടക്കുന്ന പല വാഹന അപകടങ്ങൾക്കും കാരണം ഡ്രൈവറുടെ ഉറക്കം തന്നെയാണ്... ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം.
രാത്രി ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരുന്നുണ്ടെങ്കിൽ, ഭാഗ്യപരീക്ഷണം നടത്താതെ അടുത്തുള്ള പെട്രോൾ പമ്പിലോ ആളനക്കമുള്ള സുരക്ഷിതമായ ഇടങ്ങളിലോ വാഹനം നിർത്തി അൽപ്പസമയം മയങ്ങുക. അര മണിക്കൂർ ഉറങ്ങിയാൽപ്പോലും നിങ്ങൾ കൂടുതൽ ഉന്മേഷവാനാകും.
ദൂര യാത്രകളിൽ ഒരു ഫ്ലാസ്കിൽ ചൂടു കാപ്പിയോ, ചായയോ തീർച്ചയായും കരുതണം. ഇടയ്ക്കൊക്കെ ഒന്നു വണ്ടി നിർത്തി തണുത്ത വെള്ളത്തിൽ മുഖം ഒക്കെ ഒന്ന് കഴുകി, കാപ്പി കുടിക്കാം. വേണമെങ്കിൽ 15 മിനിട്ട് ഉറങ്ങാം. നിങ്ങളുടെ കൂടെ ഡ്രൈവർ ഉണ്ടെങ്കിൽ അവരോട് ക്ഷീണം തോന്നുക ആണെങ്കിൽ വണ്ടി നിർത്തുന്നതിൽ ഒരു വിരോധവും ഇല്ല എന്ന് പ്രത്യേകം പറയാം.
ദീർഘദൂര യാത്രകളില്‍ കഴിയുമെങ്കിൽ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക. ആവശ്യമുണ്ടെങ്കിൽ ഡ്രൈവിംഗിൽ സഹായിക്കാനും ഇവർക്ക് കഴിയും.
ദൂരയാത്ര പോകേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ ഡ്രൈവ് ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ ഉറക്കം വരുന്ന പ്രശ്‌നം ഇല്ലാതാക്കാം. അതിന് ആദ്യം വേണ്ടത് നല്ല ഉറക്കം ലഭിക്കുക എന്നതാണ്. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഏഴോ എട്ടോ മണിക്കൂർ ഉറങ്ങിയതിനു ശേഷം മാത്രം ദീർഘദൂര ഡ്രൈവിംഗിനായി തിരിക്കുക.
വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ വിശ്രമവും ആവശ്യമാണ്. പലപ്പോഴും ഡ്രൈവർ അറിയാതെയാണ് ഉറക്കത്തിലേക്ക് വീണുപോകുന്നത്. എത്ര മികച്ച ഡ്രൈവർ ആണെങ്കിൽ പോലും ഈ പ്രശ്‌നത്തെ നേരിടാൻ വലിയ പ്രയാസമാണ്. ഉറക്കം വരുന്നു എന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെക്കണം.
തുടർച്ചയായി കോട്ടുവായിടുകയും കണ്ണ് തിരുമ്മുകയും ചെയ്യുക, റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിധം കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക, തുടര്‍ച്ചയായി കണ്ണ് ചിമ്മി ചിമ്മി തുറന്നുവയ്ക്കുന്ന സാഹചര്യം ഉണ്ടാവുക എന്നീ കാര്യങ്ങള്‍ ഉണ്ടെങ്കിൽ നിർബന്ധമായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണം.
ദീര്‍ഘദൂര യാത്രയിൽ വാഹനങ്ങൾ വഴിയരികിൽ നിര്‍ത്തി അൽപ്പം വിശ്രമിക്കുന്നത് അപകടസാധ്യത കുറക്കുന്നു. കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക, സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത ഈ സമയത്ത് കൂടുതൽ ഉണ്ടാകും. എതിരെ വരുന്നവർ ചിലപ്പോൾ ഉറക്കം തൂങ്ങിയും അമിത വേഗതയിലും ഒക്കെ ആയിരിക്കും വരുന്നത്..രാത്രിയും പുലർച്ചയും ആണ് വലിയ അപകടങ്ങൾ പതിയിരിക്കുന്നത് എന്ന് ഓർക്കുക.
നിങ്ങൾ ഒരു ദൂര യാത്ര പോകുന്നു എന്ന് കരുതുക. കൂടെ ഡ്രൈവർ ഉണ്ട്. രാത്രി അദ്ദേഹം എങ്ങിനെയാണ് ഉറങ്ങുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? പലപ്പോളും കാറിൽ തന്നെ ആവും ഉറക്കം. കാറിൽ ഇരുന്ന് ഒരിക്കലും നന്നായി ഉറങ്ങാൻ പറ്റില്ലല്ലോ? ആ ഉറക്ക ക്ഷീണവും ആയാവും അടുത്ത ദിവസം യാത്ര. അപകടം ഉണ്ടാവാൻ ഇതു മതി. വിനോദ യാത്രകൾ Overnight (രായ്‌ക്കുരാമാനം) യാത്ര ആണെങ്കിൽ നിങ്ങളുടെ താമസം ഒരുക്കുന്ന കൂട്ടത്തിൽ ഹോട്ടലിൽ/ വിശ്രമ കേന്ദ്രത്തിൽ ഒരു ബെഡ് ഡ്രൈവർക്കും കൂടി ബുക്ക് ചെയ്യാൻ മറക്കരുതേ. യാത്രകൾ പ്ലാൻ ചെയുമ്പോൾ ഇതും കൂടി പ്ലാൻ ചെയ്തു വേണം ബഡ്ജറ്റ് ഉണ്ടാക്കാൻ. കാരണം നിങ്ങളുടെ ജീവൻ ഡ്രൈവറുടെ കൈകളിൽ ആണ്. അദ്ദേഹം നന്നായി ഉറങ്ങേണ്ടത് നിങ്ങളുടെയും കൂടി ആവശ്യമാണ്.
റോഡപകടങ്ങൾക്കെതിരെയുള്ള സോഷ്യൽ മീഡിയാ വഴിയുള്ള ഈ ബോധവൽക്കരണത്തിൽ അണിചേരൂ, പൊതുനിരത്തുകളിൽ ഇനിയും ജീവനുകൾ പൊലിയാതിരിക്കട്ടെ, പൊതുജന നന്മയെ ഓർത്ത് ഇത് പരമാവധി ഷെയർ ചെയ്യൂ...
Saju Francis Kerala Police Fans - Thiruvananthapuram