Space Q Mobile accessories and households

Space Q Mobile accessories and households A trademark owned company

21/01/2026

#കാത്തിരുന്നിട്ടും_03

പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് ആ ജീപ്പ് കവലയിൽ വന്നുനിന്നു. പഴയ എൻജിന്റെ കര കര ശബ്ദത്തിനിടയിൽ അനുപമ പുറത്തേക്കിറങ്ങിക്കൊണ്ട് ചോദിച്ചു "എത്രയാ? "
അവളുടെ ശബ്ദം കേൾക്കാൻ കഴിയാത്തത് കൊണ്ടാവണം, ഡ്രൈവർ വണ്ടി ഓഫാക്കി ക്കൊണ്ട് പറഞ്ഞു.

"25 രൂപ"
അനുപമ തന്റെ പഴ്സിൽ നിന്നും 50 രൂപയുടെ ഒരു നോട്ടെടുത്ത് കൊടുത്തു്, ബാക്കി പൈസ തിരികെ വാങ്ങി അവൾ സൈഡിലേക്ക് മാറി നിന്നു.
രണ്ട് മൂന്ന് പ്രാവശ്യം സെൽഫ് അമർത്തിയിട്ടും ജീപ്പ് സ്റ്റാർട്ടായില്ലെങ്കിലും, അടുത്ത പ്രാവശ്യം ആ പഴയ വണ്ടി സ്റ്റാർട്ടായി മുന്നോട്ട് നീങ്ങി.

അവളുടെ സാമ്പത്തിക പരാധീനതകൾ അവളുടെ വസ്ത്രധാരണത്തിൽ പ്രകടമായിരുന്നു. എങ്കിലും പ്രകൃതി കനിഞ്ഞു നൽകിയ ശാലീന സൗന്ദര്യം അവളെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തി.

തറവാടിത്തമുള്ള മുഖശ്രീ. വടിവൊത്ത മനോഹരമായ ശരീരത്തിന് ഇണങ്ങുന്ന വിധത്തിൽ ഒരു ലോങ്ങ് സ്കർട്ടും ബ്ലൗസ്സുമായിരുന്നു വേഷം. അവളുടെ മുട്ടിനു താഴെ വരെ എത്തുന്ന കറുത്ത മുടിയിഴകൾ ഒതുക്കി പിന്നി മുന്നിലേക്കിട്ടിരിക്കുന്നു. അതിൽ അധികം ആഡംബരമില്ലാതെ തിരുകിവെച്ച ഏതാനും മുല്ലപ്പൂക്കൾ. കരിമഷിയെഴുതിയ ആ വലിയ കണ്ണുകളിൽ ഏതോ വലിയ സങ്കടത്തിന്റെ നിഴലാട്ടം ഉണ്ടായിരുന്നു. നെറ്റിയുടെ മധ്യത്തിലായി ചാർത്തിയ കറുത്ത സ്റ്റിക്കർ പൊട്ടും, വില്ലുപോലെ വളഞ്ഞ പുരികങ്ങളും, വിറയാർന്ന മനോഹരമായ ചുണ്ടുകളും അവളെ ഒരു ശില്പം പോലെ സുന്ദരിയാക്കി. പണം വാങ്ങിയ ശേഷം ജീപ്പ് ദൂരേക്ക് മറഞ്ഞു. ആ മൺപാതയിൽ ഉയർന്ന പൊടിപടലങ്ങൾക്കിടയിലൂടെ അവൾ ചുറ്റുമുള്ള ആ ഗ്രാമത്തെ ഒന്ന് വീക്ഷിച്ചു.

നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, കുന്നിൻചരിവിൽ സ്ഥിതി ചെയ്യുന്ന ആ പ്രദേശം നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചതുപോലെ തോന്നി. രണ്ടടി മുന്നോട്ട് വെച്ചപ്പോഴേക്കും, പാതയോരത്തുള്ള പഴമ വിളിച്ചോതുന്ന ഓടിട്ട വീടിന്റെ ഉമ്മറത്തേക്ക് ഒരാൾ ഇറങ്ങിവന്നു.

"വരണം... വരണം... അകത്തേക്ക് വരൂ."

അയാളുടെ ശബ്ദം പരുക്കനാണെങ്കിലും അതിലൊരു വിനയം കലർന്നിരുന്നു. മുണ്ടും മേൽമുണ്ടും ധരിച്ച അയാൾ ആ വീട്ടിലെ കാര്യസ്ഥനെപ്പോലെ തോന്നിപ്പിച്ചു. അനുപമ മെല്ലെ ആ മുറ്റത്തേക്ക് നടന്നു കയറി. ആ ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും വലിയൊരു വിശ്വാസ കേന്ദ്രമായിരുന്നു ആ ഇല്ലം. കുടുംബങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതമായ സംഭവങ്ങൾ, അവസാനിക്കാത്ത നാത്തൂൻ പോരും അമ്മായിയമ്മപ്പോരും, അയൽവാസികളുമായുള്ള ശത്രുത, അതിർത്തി തർക്കങ്ങൾ തുടങ്ങി ജീവിതത്തിന്റെ സങ്കീർണ്ണമായ സകല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ആളുകൾ ഇവിടെ എത്തുന്നു. ശത്രുക്കളെ ഇല്ലായ്മ ചെയ്യാനും തടസ്സങ്ങൾ മാറ്റാനും ഇവിടെ നടത്തുന്ന പ്രത്യേക പൂജകൾക്ക് വലിയ ശക്തിയുണ്ടെന്നാണ് കേട്ടറിവ്. പലരും ആഗ്രഹിച്ച ഫലം നേടി സന്തോഷത്തോടെ മടങ്ങുന്നത് കണ്ടാണ് അനുപമയും തന്റെ വലിയൊരു വേദനയുമായി ഇവിടെ എത്തിയത്.

അവളുടെ അച്ഛൻ - ഒരു കാലത്ത് ആ നാട്ടിലെ മാന്യനായിരുന്ന മനുഷ്യൻ ഇപ്പോൾ മദ്യത്തിന് അടിമയാണ്. അനിയന്ത്രിതമായ ആ മദ്യപാനം അവളുടെ വീടിന്റെ സമാധാനം കെടുത്തിയിരിക്കുന്നു. മുത്തശ്ശിയുടെ നിസ്സഹായതാ വസ്ഥയും കണ്ടു മടുത്ത അനുപമ, അച്ഛനെ ഈ നരകത്തിൽ നിന്നും രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്തു. മരുന്നുകൾ നൽകി, പ്രാർത്ഥനകൾ നടത്തി, പക്ഷേ ഒന്നിനും ഫലമുണ്ടായില്ല. ഒടുവിലാണ്, ഈ വെളിച്ചപ്പാടിന്റെ മാന്ത്രിക ശക്തിയെക്കുറിച്ച് ആരോ പറഞ്ഞു കേട്ടത്. തന്റെ അച്ഛൻ പഴയതുപോലെ തിരികെ വരുമെന്ന പ്രതീക്ഷയുടെ ഒരേയൊരു തിരി വെളിച്ചം ഇപ്പോൾ ഈ വീടാണ്.

"തിരുമേനി അകത്ത് പൂജയിലാണ്... അല്പം സമയം എടുക്കും. മോളവിടെ ഇരിക്കൂ." ഉമ്മറത്തെ ഒരു തടി ബഞ്ച് ചൂണ്ടിക്കാട്ടി കാര്യസ്ഥൻ പറഞ്ഞു.

അനുപമ ആ ബഞ്ചിന്റെ ഒരറ്റത്ത് ഒതുങ്ങിയിരുന്നു. അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. അവിടെ ചുറ്റും വേറെയും ചിലർ കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രായമായ ഒരു സ്ത്രീ തോളിലെ തോർത്തുകൊണ്ട് കണ്ണു തുടയ്ക്കുന്നത് അവൾ കണ്ടു. മുറ്റത്തെ മാവിൻകൊമ്പിൽ ഇരിക്കുന്ന ഒരു കിളിയുടെ മധുര ശബ്ദം പോലും ആ നിശബ്ദതയിൽ അലോസര മുണ്ടാക്കുന്നുണ്ടായിരുന്നു. ചുറ്റും കാടുപിടിച്ചു കിടക്കുന്ന പറമ്പും, പായൽ പിടിച്ച മതിൽക്കെട്ടുകളും ആ സ്ഥലത്തിന് പഴമയുടെ പ്രത്യേക ഗാംഭീര്യം നൽകി.

പെട്ടെന്ന് വീടിന്റെ ഒരു ഭാഗത്തുള്ള പൂജാമുറിയുടെ കതക് തുറന്നു. മുഖത്ത് ഭയവും ആശ്വാസവും കലർന്ന ഭാവവുമായി ഒരാൾ പുറത്തേക്ക് ഇറങ്ങി വേഗത്തിൽ നടന്നു പോയി. അയാളുടെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു. കാര്യസ്ഥൻ എഴുന്നേറ്റ് അകത്തേക്ക് നോക്കി. പൂജാമുറിയിൽ നിന്നും മന്ത്രോച്ചാരണങ്ങളുടെ ശബ്ദം പുറത്തേക്ക് കേൾക്കാം. ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും തീക്ഷ്ണമായ ഗന്ധം വായുവിലാകെ പടർന്നു.

കാര്യസ്ഥൻ അനുപമയെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കടന്നു പോയി. അനുപമ തന്റെ കൈകൾ തമ്മിൽ ചേർത്തു പിടിച്ചു. അവളുടെ ഉള്ളിൽ പ്രാർത്ഥനകൾ മാത്രമായിരുന്നു. അച്ഛൻ മദ്യപിച്ചു വന്ന് തന്നേയും മുത്തശ്ശിയെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അവളുടെ കണ്മുന്നിൽ മിന്നിമറഞ്ഞു. തന്റെ ജീവിതത്തിലെ ഈ കറുത്ത അധ്യായം ഇവിടെ അവസാനിക്കുമോ? വെളിച്ചപ്പാടിന്റെ വാക്കുകൾ തനിക്ക് തുണയാകുമോ?

കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ കാര്യസ്ഥൻ വീണ്ടും പുറത്തേക്ക് വന്നു.

"മോൾക്ക് മുന്നേ വന്നവർ ഒന്ന് പൊയ്ക്കോട്ടേ, മോളേ ഉടനെ വിളിക്കിക്കാം ട്ടോ."

അനുപമ തലയാട്ടി ശരി എന്ന് സമ്മതിച്ചു...
കാര്യസ്ഥൻ പിന്നെയും അവളെക്കുറിച്ച് ചോദിച്ചുകൊണ്ടേയിരുന്നു.

അവൾ പതുക്കെ തന്റെ വേദനയുടെ ഭാണ്ഡം അയാൾക്ക് മുന്നിൽ നിരത്തി.

കാര്യസ്ഥൻ അവളെ ആശ്വസിപ്പിച്ചു... "സാരമില്ല തിരുമേനി എല്ലാത്തിനും പരിഹാരം ഉണ്ടാക്കും. മോള് പേടിക്കാതെ."

ആ വാക്കുകൾ അനുപമയ്ക്ക് വളരെ വലിയ ആശ്വാസമാണ് നൽകിയത് എങ്കിലും ഹൃദയത്തിൽ ഒരു ഭാരം പിന്നെയും അവശേഷിക്കുന്നുണ്ടായിരുന്നു.



തുടരും...
ജെപി പാലക്കാട്‌.

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും




#ജെപിപാലക്കാട്
#കേരളസ്റ്റോറി

19/01/2026

#കാത്തിരുന്നിട്ടും_02

ബാറിലെ ശബ്ദകോലാഹലങ്ങൾ അല്പാല്പമായി നിലച്ചിരിക്കുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധവും സിഗരറ്റ് പുകയുടെ അവശിഷ്ടങ്ങളും തളംകെട്ടി നിൽക്കുന്ന ആ ഹാളിൽ ഇപ്പോൾ ശ്മശാനമൂകതയാണ്. സമയം അർദ്ധരാത്രിയോട് അടുത്തിരിക്കുന്നു. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ബഹളങ്ങൾക്കും തർക്കങ്ങൾക്കും വിരാമമിട്ട് ബാർ പൂട്ടാനുള്ള തിരക്കിലാണ് ജീവനക്കാർ.
ഓരോ ലൈറ്റുകളായി അണയുമ്പോൾ മുറിയുടെ കോണുകളിൽ ഇരുട്ട് കനം വെക്കുന്നുണ്ട്.

തറയിൽ, ഒഴിഞ്ഞ കുപ്പികൾക്കും ഗ്ലാസുകൾക്കും അരികിലായി ബോധമില്ലാതെ കിടക്കുന്ന ബാലൻ അവിടുത്തെ സ്ഥിരം കാഴ്ചയാണ്. ജീവനക്കാർക്ക് അയാൾ എന്നും ഒരു തലവേദനയാണ്. പക്ഷേ, ആ ദേഷ്യത്തിന് അധികം ആയുസ്സുണ്ടാകാറില്ല. ലഹരിയുടെ പിടിയിൽ നിന്നും മുക്തനായി രാവിലെ അയാൾ ഉണരുമ്പോൾ പ്രകടിപ്പിക്കുന്ന ആ വിനയമുണ്ടല്ലോ, അത് ആരുടെയും മനസ്സ് അലിയിക്കും. ശുദ്ധമായ മലയാളത്തിൽ താളാത്മകമായി അയാൾ കവിതകൾ ചൊല്ലാൻ തുടങ്ങിയാൽ പിന്നെ ആർക്കും അയാളോട് ആക്രോശിക്കാൻ കഴിയില്ല. ലഹരി ബാധിക്കാത്ത നേരത്ത് ബാലൻ തികച്ചും ഒരു സാധു മനുഷ്യനാണ്. ആരെയും ഉപദ്രവിക്കാനോ പരദൂഷണം പറയാനോ അയാൾ നിൽക്കാറില്ല. സത്യത്തിൽ അതിനൊന്നും അയാൾക്ക് സമയമില്ല എന്നതാണ് വാസ്തവം.

ഉണർന്നു കഴിഞ്ഞാൽ പ്രാഥമിക കാര്യങ്ങൾ വേഗത്തിൽ തീർക്കും. അടുക്കളയിൽ ബാക്കിയുള്ളത് എന്തെങ്കിലും കഴിച്ച് അയാൾ നേരെ പണപ്പെട്ടികൾക്ക് അടുത്തേക്ക് നീങ്ങും. ഒന്നുകിൽ അമ്മായിഅമ്മയുടെ പേഴ്സ്, അല്ലെങ്കിൽ മകളുടെ കൈവശമുള്ള ചില്ലറ തുട്ടുകൾ, അതുമല്ലെങ്കിൽ അരിയിട്ടു വെക്കുന്ന കലത്തിന്റെ അടിയിലായി അവർ സൂക്ഷിച്ചു വെച്ചിരിക്കുന്ന രഹസ്യ സമ്പാദ്യം. എവിടെ നിന്നായാലും മദ്യത്തിനുള്ള വക അയാൾ കണ്ടെത്തും. പുഞ്ചിരിക്കുന്ന മുഖവുമായി ബാർ തുറക്കുന്ന നിമിഷം തന്നെ അയാൾ അവിടെ ഹാജരാകും. പിന്നെ രാത്രി ബാർ പൂട്ടുന്നത് വരെ പാട്ടും പറച്ചിലുമായി അയാൾ അവിടെത്തന്നെയുണ്ടാകും. പരിചയക്കാരോട് ചോദിച്ചും സ്വന്തം കൈയിലുള്ളത് തീർത്തും അയാൾ കുടിക്കും. ഒടുവിൽ ബോധം മറയുമ്പോൾ എവിടെയെങ്കിലും വീണുറങ്ങും. ഇന്നും പതിവ് തെറ്റിയില്ല. ലൈറ്റുകൾ അണച്ചുകൊണ്ടിരുന്ന ജീവനക്കാരൻ അവസാന സ്വിച്ചിനടുത്തേക്ക് എത്തിയപ്പോൾ ഒന്ന് മടിച്ചു. അയാൾ ബാലനെ ഒന്ന് തട്ടി വിളിച്ചു.

"ബാലേട്ടാ... ഏയ് ബാലേട്ടാ..."

പ്രതികരണമൊന്നുമില്ല നല്ല ഉറക്കത്തിലാണ്. ബാലൻ ഒരു മുരൾച്ചയോടെ വീണ്ടും തിരിഞ്ഞു കിടന്ന് ചുരുണ്ടുകൂടി. അപ്പുറത്ത് നിന്നിരുന്ന മറ്റൊരു ജീവനക്കാരൻ പരിഹാസത്തോടെ പറഞ്ഞു: "എന്തിനാ അയാളെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നത്? ഇപ്പൊ കഷ്ടപ്പെട്ട് ഉണർത്തി വിട്ടാലും നേരം വെളുക്കുമ്പോൾ അയാൾക്ക് ഇങ്ങോട്ട് തന്നെ വരണ്ടേ..."

അവസാനം ആ രണ്ടു പേരും ചേർന്ന് ബാലന്റെ കൈയും കാലും തൂക്കിയെടുത്ത് പുറത്തെ പാർക്കിംഗ് ഏരിയയിലെ സിമന്റ് തറയിൽ കിടത്തി. ഷട്ടർ താഴ്ത്തി പൂട്ടുകൾ വീണതോടെ ആ ദിവസത്തിന് തിരശ്ശീല വീണു.

********************

അവിടെ നിന്നും ഏറെ ദൂരെയല്ല ആ കൊച്ചു ഗ്രാമം. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ശാന്തമായി ഉറങ്ങുന്ന ഒരിടം. ടാറിട്ട ചെറിയ റോഡിന്റെ ഇരുവശങ്ങളിലും വിളഞ്ഞുനിൽക്കുന്ന വിശാലമായ നെൽപ്പാടങ്ങൾ. കതിരുകൾ മുളച്ചു തുടങ്ങുന്ന ആ പച്ചപ്പിൽ നിലാവെളിച്ചം തട്ടി പ്രതിഫലിക്കുന്നുണ്ട്. പാടം കഴിഞ്ഞാൽ മുളമുള്ളുകൾ കൊണ്ട് നിർമ്മിച്ച വേലിക്കെട്ടുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഇടവഴികളാണ്. ആ വഴികൾ ചെന്നെത്തുന്നത് പഴക്കം ചെന്ന ആൽത്തറയിലേക്കാണ്. ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രതീകമായി വിളക്ക് വെക്കുന്ന കാവും അതിനപ്പുറത്തായി നിരനിരയായി നിൽക്കുന്ന ഓടിട്ട വീടുകളും ആ ഗ്രാമത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.

ആ വിജനതയിലേക്ക് പൊടിപടലങ്ങൾ പറത്തിക്കൊണ്ട് ഒരു ജീപ്പ് കിതച്ചെത്തി. ഈ ഗ്രാമത്തെയും പട്ടണത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇഴയടുപ്പമാണ് ഈ രണ്ടോ മൂന്നോ ജീപ്പുകൾ. കൃത്യമായ സമയക്രമമൊന്നുമില്ല; ആളുകൾ നിറയുമ്പോൾ പുറപ്പെടും, മടക്കയാത്രയിലും വണ്ടി നിറഞ്ഞാൽ മാത്രം ഇങ്ങോട്ട് വരും. വണ്ടി ആൽത്തറയ്ക്കൽ ബ്രേക്കിട്ടു നിന്നപ്പോൾ ടയറുകൾക്കിടയിൽ നിന്നും പൊടിപടലങ്ങൾ ഉയർന്നു.

ജീപ്പിൽ നിന്നും പരിഭ്രമത്തോടെ ഒരു പെൺകുട്ടി താഴേക്കിറങ്ങി. ഏകദേശം പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായം തോന്നിപ്പിക്കുന്ന വശ്യതയുള്ള മുഖം. നീളമുള്ള പാവാടയും ബ്ലൗസുമാണ് അവളുടെ വേഷം. ആഭരണങ്ങളുടെ ആഡംബരങ്ങളോ മേക്കപ്പിന്റെ പൊങ്ങച്ചങ്ങളോ ഇല്ലാത്ത, ഗ്രാമീണ വിശുദ്ധി തുളുമ്പുന്ന രൂപം. മുടി പിന്നിക്കെട്ടി തോളിലിട്ടിരിക്കുന്നു. അവളുടെ കണ്ണുകളിൽ ഏതോ ഒരു വലിയ ഭാരത്തിന്റെ നിഴലാട്ടം ഉണ്ടായിരുന്നു. വീട്ടിലെ പ്രാരാബ്ധങ്ങളും അച്ഛന്റെ അവസ്ഥയും ആ മുഖത്തെ പുഞ്ചിരിയെ മായ്ച്ചു കളഞ്ഞിരിക്കുന്നു. കയ്യിലുണ്ടായിരുന്ന ചെറിയ സഞ്ചി മുറുക്കിപ്പിടിച്ച് അവൾ ആ ഇടവഴിയിലേക്ക് നോക്കി നിന്നു. ആ ഗ്രാമത്തിന്റെ നന്മയും ആ നൊമ്പരവും പേറുന്ന ആ പെൺകുട്ടിയുടെ പേര് അനുപമ.

തുടരും...
ജെപി പാലക്കാട്.

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും




#ജെപിപാലക്കാട്
#കേരളസ്റ്റോറി

26/11/2025

#മഴയും_വെയിലും_88

ഋതുക്കൾ അവയുടെ പ്രവാഹം തുടർന്നു. അതോടൊപ്പം പുഴയും ഒഴുകി ഒഴുകി ഓരോ സെക്കന്റിലും അറബിക്കടലിൽ അലിഞ്ഞു ചേർന്നുകൊണ്ടിരിന്നു... താനും തന്റെ സ്വപ്നങ്ങളും എവിടെയാണോ ഉണ്ടായിരുന്നത് ഇപ്പോഴും അവിടെത്തന്നെയാണ്... ഏതെല്ലാം വിധത്തിൽ പ്രയത്നിച്ചിട്ടും അതിന് മാത്രം ഒരു മാറ്റവും ഉണ്ടായിരുന്നില്ല...

ദീപു കോളേജ് വിട്ട്l വരുന്നവഴി അവന് ഒരു കൗതുകം തോന്നി ഇന്നെന്തായാലും ഗൗരിയെ ഒന്ന് കാണണം അവൾ പാരലൽ കോളേജ് വിട്ട് വരുന്ന വഴി പോകണം അവളെക്കണ്ട് ഇന്ന് ധൈര്യത്തോടെ രണ്ട് വാക്ക് സംസാരിക്കണം കൂട്ടുകാരികൾ കൂടെയുണ്ടെങ്കിലും പ്രശ്നമില്ല.
അന്ന് അമ്പലത്തിൽ വച്ച് കണ്ടപ്പോൾ താൻ സംസാരിച്ചില്ല എന്ന് ഷീന ചേച്ചിയോട് പറഞ്ഞതല്ലേ...
എന്തായാലും ഇന്ന് കോളേജ് ഒരു മണിക്കൂർ നേരത്തെ വിട്ടത് നന്നായി.

ദീപു ഹൈവേയിലൂടെ നടന്ന് പുഴയരികിലെ വഴിയിലേക്കിറങ്ങുന്ന ഇടുങ്ങിയ പാതയുടെ അരികിലായി നിലയുറപ്പിച്ചു... ട്യൂഷൻ കഴിഞ്ഞ് താഴ്ന്ന ക്‌ളാസിലെ കുട്ടികൾ വരുന്നത് കണ്ടപ്പോൾ തന്റെ സമയം പിഴച്ചില്ല എന്ന് അവന് ബോധ്യമായി... എന്നാൽ ഗൗരി ക്ലാസ്സിൽ എത്തിയിട്ടുണ്ടാവുമോ? ഏതെങ്കിലും കാരണവശാൽ ലീവെടുത്തിട്ടുണ്ടെങ്കിലോ? എന്തായാലും മറ്റുകുട്ടികൾ പോവുന്നത് വരെ കാത്തു നിൽക്കാം വന്നാലും വന്നില്ലെങ്കിലും അറിയാം അല്ലെങ്കിൽ പോവാം.

ഇരു വശങ്ങളും മരങ്ങൾ നിറഞ്ഞ നിബിഢമായ ഒരു കാട് പോലെ ആ പ്രദേശം തികച്ചും വിജനമാണ്, ട്യൂഷൻ സെന്റർ വിട്ട് തങ്ങളുടെ ആ ഭാഗത്തേക്ക്‌ വരുന്ന കുട്ടികൾക്ക് വളരെ എളുപ്പമുള്ള വഴിയുമാണ്... പല പ്പോഴും അവിടം പിടിച്ചു പറിക്കാരും മാല മോഷ്ടാക്കളും ഉണ്ടാവാറുള്ള ഇടം കൂടിയാണ്... അതുകൊണ്ട് താൻ അവിടെ നിൽക്കുന്നത് ഹൈവേയിലൂടെ പോകുന്നവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കയ്യിൽ പുസ്തകങ്ങൾ ഉള്ളതുകൊണ്ട് ആരും തെറ്റിദ്ധരിക്കില്ല എന്ന് കരുതാം.

അങ്ങ് അകലെ നിന്നും ക്ലാസ് വിട്ട് കുട്ടികൾ പുറത്തു വരുന്നത് കാണാം, കുറച്ച് മുന്നോട്ട് വന്നപ്പോഴേക്കും ഓരോ ഗ്രുപ്പുകളായി ആൺകുട്ടികളും പെൺകുട്ടികളും പലവഴിക്ക് പിരിഞ്ഞു, ഗൗരിയും രണ്ട് കൂട്ടുകാരികളും താൻ നിൽക്കുന്ന ഭാഗത്തേക്ക്‌ നടന്നടുക്കുന്നത് അവൻ ഉദ്വേഗം നിറഞ്ഞ മിഴികളോടെ നോക്കിനിന്നു, ഇന്നുവരെഗൗരിയെ കാണുമ്പോൾ തനിക്കുണ്ടായ ആ ശാരീരികമായ തളർച്ച ഇവിടെ ഉണ്ടാവാൻ പാടില്ല. അവൻ ധൈര്യം സംഭരിച്ചു, കൂടെയുള്ളവർ എങ്ങനെ യുള്ളവരാണെന്ന ചിന്ത മാത്രമേ തന്നെ അലട്ടുന്നുള്ളു എന്ന് അവൻ ഉറപ്പ് വരുത്തി.

പിങ്ക് നിറത്തിലുള്ള ടോപ്പും മഞ്ഞ നിറത്തിലുള്ള നീളം കൂടിയ പാവാടയും അവളെ കൂടുതൽ സുന്ദരിയാക്കി, കൂട്ടുകാരികളുമായ് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുകയാണവൾ.

ഹൈവേ ക്രോസ് ചെയ്ത് ഇപ്പുറം എത്തിയ ഗൗരി ദീപുവിനെ കണ്ട്, ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മുന്നിലേക്ക് നടന്നു, അൽപ്പ നിമിഷം അവിടെ നിന്ന ദീപു കുറച്ച് ദൂരം അവരുടെ പിറകേ നടന്നു, ഗൗരിയുടെ തലയിൽ രാവിലെ വച്ച മുല്ലപ്പൂ വാടിതുടങ്ങിയിരിക്കുന്നു.

പത്താം ക്ലാസ് അവസാന ക്ലാസ്സിൽ തന്റെ ഓട്ടോഗ്രാഫിൽ ട്യൂഷൻ ക്‌ളാസിലെ പെൺകുട്ടി എഴുതിയ വരികൾ അവന്റെ ഓർമ്മയിൽ ഓടിയെത്തി' വാടിയ പൂ ചൂടിയാലും, ചൂടിയ പൂ ചൂടരുത്' - മുഖത്തേക്ക് പറക്കുന്ന മുടിയിഴകൾ അവളുടെ സൗന്ദര്യം ഒന്നുകൂടി വർധിപ്പിക്കുന്നു.

അവർക്ക് ഏതാനം ചുവടുകൾ പിറകിലെത്തിയ ദീപു രണ്ടും കല്പിച്ച് വിളിച്ചു...

"ഗൗരി "

"ങാ...." അവൾ തിരിഞ്ഞുനോക്കി...

"ഞാൻ ഗൗരിയെ കാണാൻ വന്നതാ "

"ഉം എന്താ പ്രത്യേകിച്ച്? " അവരുടെ സംഭാഷണം തുടരുമ്പോൾ, ഉദ്ദേശം മനസ്സിലാക്കിയിട്ടാവണം കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ വേഗത്തിൽ മുന്നോട്ട് നടന്നു... എങ്കിലും അവരുടെ ശ്രദ്ധ മുഴുവനും ദീപുവിന്റെയും ഗൗരിയുടെയും സംഭാഷണങ്ങളിൽ ആയിരുന്നു എന്ന് ആർക്കും മനസ്സിലാവും. അത് കണ്ട ദീപു നടത്തത്തിന് വേഗത കുറച്ച് സംഭാഷണം തുടർന്നു.

"സുഖമല്ലേ ഗൗരി?

പുഴയോരത്തേക്ക് നീണ്ടുകിടക്കുന്ന ആ വഴിയിൽ മറ്റ് റോഡുകളിലെ പോലെ തിരക്കോ വാഹനങ്ങളോ ഒന്നുമില്ല, നിശബ്ദതയെ ഹനിക്കുന്ന, ചീവീടുകളുടെ ശബ്ദങ്ങളും ഇടയ്ക്കുള്ള കിളികളുടെ ഒച്ചകളും മാത്രം കേൾക്കാം, ചുരുക്കി പറഞ്ഞാൽ കമിതാക്കൾക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിയുന്ന ഒരിടം കൂടിയാണിത്... വഴിപോക്കർ വളരെ അപൂർവ്വമായി നടക്കുന്നയിടം, ഗൗരി പഠിക്കുന്ന പാരലൽ കോളേജ് ഒഴിവ് ഉള്ള ദിവസങ്ങൾ ഈ വഴി തികച്ചും വിജനമായിരിക്കും.

ദീപുവിന്റെ നടത്തത്തിന്റെ വേഗതയ്‌ക്കനുസരിച്ച്, ഗൗരിയുടെ പാദങ്ങളും വേഗത കുറച്ചപ്പോൾ ദീപുവിന് ആത്മവിശ്വാസം വർദ്ധിച്ചു.

"സുഖമല്ലേ ഗൗരീ..." വീണ്ടും കുറച്ച് ഉച്ചത്തിൽ തന്നെ ചോദിച്ചു.

"എനിക്ക് വളരെ സുഖമാണ്... ദീപുവിനോ? " മനോഹരമായ, എന്നാൽ ഉറച്ച ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു.

അവളുടെ അടുത്ത് സംസാരിച്ചുകൊണ്ട് നടന്ന ആ നിമിഷങ്ങളൊന്നും ഒരിക്കലും അവസാനിക്കരുതേ എന്ന് ദീപു മനസ്സുരുകി പ്രാർത്ഥിച്ചു...

ഇവർ നടപ്പിന് വേഗത കുറച്ചത് കൊണ്ടായിരിക്കാം മുന്നിലുള്ള കുട്ടികൾ ഇപ്പോൾ കുറച്ച് അകലെയാണ്... ദീപുവിന് ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് ബോധ്യപ്പെട്ടതിനാലാവാം...

"എനിക്ക് ഗൗരിയെ ഒരുപാട് ഇഷ്ടമാണ്..." മുഖവുരകൂടാതെ ദീപു പറഞ്ഞു.

ഗൗരി ചിരിച്ചു കൊണ്ട് പറഞ്ഞു " അറിയാം നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ "

"അതിന് ഗൗരി മറുപടി ഒന്നും പറഞ്ഞിട്ടില്ലല്ലോ...?

"എനിക്കിതിലൊന്നും വലിയ വിശ്വാസമില്ല ദീപു..."

"എന്തിലാണ് വിശ്വാസം ഇല്ലാത്തത്? എന്നിലോ എന്റെ വാക്കിലോ?"

ദീപുവിനോടോ വാക്കിനോടോ എന്നൊന്നുമില്ല, പ്രണയം മറ്റുള്ളവരെ ചിരിപ്പിക്കുന്ന കോമാളിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്...

"തമാശയായിട്ടല്ല ജീവിതം മുഴുവൻ കൂടെക്കൂട്ടാനാണ്..." അവന്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ കെട്ടിട്ടാവണം അവൾ തിളങ്ങുന്ന കണ്ണുകളോടെ അവനെ നോക്കി, അവൻ അതേ എന്ന് തലയാട്ടി.

തുടരും...
ജെപി പാലക്കാട്.

കവിതകള് Kavithakal

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.

#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ #മലയാളം #പ്രണയം #കഥയുംകവിതയും #പ്രണയകവിതകൾ #മഴവെയിൽ

24/11/2025

#മഴയും_വെയിലും_86
(സുഹൃത്തുക്കളേ നിങ്ങളുടെ പരിചയത്തിൽ ഈശ്വരി യെ പോലെ ആരെങ്കിലും ഉണ്ടെങ്കിൽ കമന്റ് ചെയ്ത് പറയണേ...)

മുറ്റത്തെ സംഘർഷാവസ്ഥയിൽ നിന്നും യശോദ എല്ലാവരെയും സമാധാനിപ്പിച്ച്, അടുക്കളയിലേക്ക് കടന്നു. വിരുന്ന്കാരുള്ളത് കൊണ്ട് എന്തെങ്കിലും കൂടി ഉണ്ടാക്കേണ്ടതുണ്ട്... എന്തുണ്ടാക്കും?

മാസാവസാനം ആയതുകൊണ്ട് പഴ്സ് കാലിയാണ്, അവർ ദീപുവിനെ വിളിച്ച് രഹസ്യമായി എന്തെങ്കിലും വാങ്ങി വരാൻ പറഞ്ഞു. എന്നാൽ ആ സ്ത്രീ അവിടെ നിൽക്കുന്നതിനോട് ലവലേശം പോലും യോജിപ്പില്ലാത്തതിനാൽ അങ്ങനെയുള്ള സൽക്കാരം ഒന്നും വേണ്ടെന്ന് അവൻ പറഞ്ഞെങ്കിലും, യശോദ സമ്മതിച്ചില്ല

"നമ്മുടെ വീട്ടിൽ ഒരാള് വരുമ്പോ അവർക്ക് കഴിയുന്നതും നല്ല രീതിയിൽ ഭക്ഷണം കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. മോൻ പോയി എന്തെങ്കിലും മീനോ കുറച്ച് പച്ചക്കറിയോ ഒക്കെ കാശൊള്ളത് പോലെ വാങ്ങിയിട്ട് വാ... "

അവൻ മനസ്സില്ലാ മനസ്സോടെ സഞ്ചിയുമെടുത്തു പുറത്തേക്കിറങ്ങുമ്പോൾ ഈശ്വരി വിളിച്ച് പറഞ്ഞു, "മോനെ അമ്മായിക്ക് കൊറച്ച് പൊകലേം , വെറ്റെം കൂടി വാങ്ങിച്ചോ കേട്ടോ "

അവൻ മറുപടി ഒന്നും പറയാതെ പുറത്തേക്ക് പോയി.

ഈശ്വരി വിളക്ക് കൊളുത്തിയ നേരത്ത് സന്ധ്യാ നാമം ഉരുവിടുമ്പോഴും ഇടയ്ക്കിടയ്ക്ക് ശിഖയെ പ്രാകുന്നുണ്ടായിരുന്നു. ശിഖ കാരണം തന്റെ മകൾ മഹിമയ്ക്ക് വേണ്ടി താൻ കരുതലോടെ സൂക്ഷിക്കുന്ന ദീപു തനിക്ക് നഷ്ടപ്പെടുമോ എന്ന് അവർ വല്ലാതെ ഭയപ്പെട്ടിരുന്നു.

യശോദ എല്ലാവർക്കും വേണ്ടി ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ്. മഹിമ അങ്ങിങ്ങായി പറന്നു നടക്കുന്ന നിശാ ശലഭങ്ങളെ പിടിച്ച് അതിന്റെ ചിറക് വേർപെടുത്തി അത് കിടന്ന് പിടയ്ക്കുന്നത് നോക്കി രസിക്കുകയാണ്.

ദീപു കൊണ്ടുവന്ന മീൻ കുറച്ച് കറിവച്ചു കുറച്ച് വറുത്തു, വെണ്ടയ്ക്കാ തോരനും കപ്പയും ചോറും, മോശമല്ലാത്ത രീതിയിൽ യശോദ രാത്രി ഭക്ഷണം തയാറാക്കി.

എല്ലാവർക്കും ഭക്ഷണം വിളമ്പുമ്പോൾ എനിക്കാദ്യം എനിക്കാദ്യം എന്ന് മഹിമ കൊച്ചുകുട്ടികളെപ്പോലെ വാശി പിടിക്കുന്നുണ്ടായിരുന്നു. യശോദ അവൾക്ക് ആദ്യം ഭക്ഷണം കൊടുത്തു്, സന്തോഷത്തോടെ അവൾ വാരി വാരി തിന്നുന്നത് അൽപ്പ നേരം നോക്കിയിരുന്ന്, മറ്റുള്ളവർക്കും ഭക്ഷണം വിളമ്പി. കഴിക്കുന്നതിനിടയിൽ യശോദ ഈശ്വരിയുടെ വീട്ടു വിശേഷങ്ങൾ അന്വേഷിച്ചു...

വീട്ടിൽ ഭർത്താവുമായി പിണങ്ങി വന്നിരിക്കുകയാണ്, ഇനി അയാൾ വിളിക്കാൻ വന്നാലേ പോവൂള്ളത്രേ...

"എന്താ നിങ്ങളിപ്പോഴും 16 കാരിയാ സൗന്ദര്യ പിണക്കം നടത്താൻ? "

"അങ്ങനെയല്ലല്ലോ മതിനി, ഞാൻ കൊറച്ചൊന്ന് മാറി നിന്നാലേ അങ്ങേര് പഠിക്കൂ..."

നാത്തൂനേ ഞാൻ ഒരു കാര്യം പറയാം കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല കേട്ടോ...
അദ്ദേഹം ( ദീപുവിന്റ അച്ഛൻ ) ഇല്ലാതെ ഈ കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തുന്ന എനിക്കേ അറിയൂ താങ്ങാനൊരാളില്ലാത്തതിന്റെ വെഷമം... യശോദയുടെ കണ്ണ് നിറഞ്ഞു.

ദീപു ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അവന് തന്റെ അമ്മയുടെ കണ്ണ് നിറയാൻ ഇടയാക്കിയത് ഇഷ്ടമായില്ല, എങ്കിലും മൂത്ത ആൾക്കാർ സംസാരിക്കുന്നതിനിടയിൽ താൻ ഒരു ഭാഗമാകേണ്ട എന്ന് കരുതി ക്ഷമിച്ചു.

"അദ്ദേഹം ആവതൊള്ള കാലം നല്ലപോലെ അധ്വാനിച്ച് നിങ്ങടെ മൂന്നു പെണ്മക്കളെ നല്ലരീതിയിൽ കെട്ടിച്ചയച്ചില്ലേ, ഇനി എന്ത് പഠിക്കാനാ? "

യശോദ ചോദിച്ചു

"അങ്ങേര് ജീവനോടെ ഉണ്ടെങ്കിൽ ഇനി ഒള്ള ഒരെണ്ണത്തിനേം വേണ്ട രീതിയിൽ കെട്ടിച്ചു വിട്ടോളും " യശോദ മഹിമയെ നോക്കി വീണ്ടും തുടർന്നു.

"അതിന് അവളുടെ കാര്യത്തീ ഞങ്ങക്ക് ഒരു ടെൻഷനുമില്ല അവളെ മതിനിയെ ഏൽപ്പിച്ചേക്കുവല്ലേ... അവളുടെ കാര്യം ദീപുമോൻ നോക്കിക്കോളും.. ല്ലേ മോനേ" ഈശ്വരി ദീപുവിനെ നോക്കി ചിരിച്ചു...

ദീപു സംസാരം ഇഷ്ടപെടാത്ത രീതിയിൽ പെട്ടന്ന് കഴിച്ച് എഴുന്നേറ്റു പുറത്തുപോയി കൈ കഴുകി.

"അതിന് അവൻ കൊച്ചു കുഞ്ഞല്ലേ അവന് ഇനീം പഠിക്കാൻ ഒത്തിരി ഒണ്ട്, അവന്റെ കാര്യത്തിൽ തീരുമാനം ഒന്നും എടുക്കാൻ ആയിട്ടില്ല, നാത്തൂൻ വേറെ ഏതെങ്കിലും നല്ല ആലോചന വന്നാൽ നോക്കിക്കോ... "

യശോദ തന്റെ നിലപാട് വ്യക്തമാക്കി...

മഹിമയും കുഞ്ഞല്ലേ രണ്ട് പേരും ഒരുപോലെ വളരുവല്ലേ... സമയമാകുമ്പോ നമുക്കതങ്ങ് നടത്താം, നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ കുടുംബത്തീ തന്നേ ഉണ്ടാവുമല്ലോ... എനിക്ക് എപ്പോഴെങ്കിലും എന്റെ കുഞ്ഞിനെ വന്ന് കാണുവേം ചെയ്യാം...

ഈശ്വരി ദീർഘനിശ്വാസം വിട്ട് തുടർന്നു.

മൂന്നെണ്ണത്തിനെ നല്ല കുടുംബ മാന്ന് പറഞ്ഞ് കെട്ടിച്ചു വിട്ട്, നല്ല നിലേൽ ജീവിക്കുന്നുമുണ്ട്. എന്നാൽ ഒരെണ്ണത്തിനെ ക്കൊണ്ട് പോലും പച്ച വെള്ളത്തിന്‌ ഉപകാരമില്ല, അങ്ങോട്ട്‌ പോയാലും ഒരന്തി അവിടെ തങ്ങാൻ വിടില്ല...

ഈശ്വരിയും കരച്ചിലിന്റെ വക്കോളമെത്തി.

"ഗതിപിടിക്കല്ല ഒരെണ്ണം പോലും " കഴിച്ച് കഴിഞ്ഞ പ്ളേറ്റ് തള്ളി വച്ച് എച്ചിൽ കൈകൊണ്ട് സ്വന്തം മക്കളെ പ്രാകുന്നത് കണ്ട് യശോദ അമ്പരന്നു...

"ഏ.. എന്താ നാത്തൂനേ നിങ്ങള് ഈ കാണിക്കുന്നേ നിങ്ങടെ വയറ്റിൽ പിറന്ന മക്കളെ ഇങ്ങനൊക്കെ പ്രാകാൻ പാടുണ്ടോ... യ്യോ ദൈവമേ... "
യശോദയ്ക്ക് സങ്കടം വന്നു.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് മുറുക്കാനും എടുത്ത് പുറത്തിരുന്നു വീണ്ടും അവർ നാട്ടുവർത്തമാനം പറഞ്ഞിരുന്നു. യശോദ യ്ക്ക് രാവിലെ കമ്പനിയിൽ പോവണം, എങ്കിലും വലിയ ഒരാശങ്ക അവർക്കുണ്ടായിരുന്നു ഈ സ്ത്രീയെ തനിച്ചാക്കി എങ്ങനെ പോവും.

യശോദ പറഞ്ഞു, "കെടക്കാം നാത്തൂനേ, രാവിലെ എനിക്ക് കമ്പനീ പോവണ്ടതല്ലേ, ഒള്ള സ്ഥലത്തൊക്കെ കെടക്കാം വാ... "

അവർ യശോദ യുടെ മുറിയിലേക്ക് പോയി, പായ വിരിക്കുന്നതിനിടയിൽ ഈശ്വരി പറഞ്ഞു "അപ്പുറത്തെ മുറിയിൽ മോൻ മാത്രമല്ലേയുള്ളു, മഹിമ അവിടെ കെടന്നോട്ടെ നമുക്ക് ഇവിടെ കിടക്കാം."

യശോദ രൂക്ഷമായി ഈശ്വരിയെ നോക്കി... എന്ത് പറയണം എന്നറിയാതെ വിയർക്കുകയാണ്... എന്നാൽ ഈശ്വരി യാതൊരു കൂസലുമില്ലാതെ തുടർന്നു, "എപ്പോഴായാലും അവര് ഒരുമിച്ച് കഴിയേണ്ടവരല്ലേ പിന്നെന്താ കൊഴപ്പം?"

യശോദ യുടെ കൺട്രോൾ പോയി എന്ന് തന്നെ പറയാം

"ദേ തള്ളേ വെറുതെയല്ല നിങ്ങടെ മക്കൾ നിങ്ങളേ വീട്ടിൽ കേറ്റാത്തേ... ഞാൻ ഒരു കാര്യം പറഞ്ഞേക്കാം രാത്രി ആയത്കൊണ്ട് ഞാൻ തല്ക്കാലം ക്ഷമിക്കുന്ന്... നേരം വെളുക്കുമ്പോ മോളേം കൊണ്ട് ഇവിടുന്ന് പൊയ്ക്കോണം "

"അതിനും മാത്രം ഞാൻ ഇപ്പൊ എന്ത് തെറ്റ് ചെയ്തൂന്നാ നീ പറേന്നെ...? ഈശ്വരി തന്റെ ഭാഗത്ത്‌ യാതൊരു തെറ്റും കണ്ടില്ല

യശോദ യ്ക്ക് അവരുമായി സംഭാഷണം തുടരാൻ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല അതിനാൽ മൗനം പാലിച്ചു.

നേരം വെളുത്ത് യശോദ നിർബന്ധപൂർവ്വം അവരെ തിരികെ അയച്ചു... നടന്നുപോകുമ്പോൾ അവർ ഉച്ചത്തിൽ പ്രാകുന്നുണ്ടായിരുന്നു...

"നീയും നിന്റെ മോനും നശിച്ചു പോകുമെടീ..."

തുടരും...
ജെപി പാലക്കാട്‌.

കവിതകള് Kavithakal

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.

#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ #മലയാളം #പ്രണയം #കഥയുംകവിതയും #പ്രണയകവിതകൾ #മഴവെയിൽ

21/11/2025

#മഴയും_വെയിലും_83

റൂമിയുടെ പുസ്തകങ്ങൾ ദീപുവിന് നൽകിയ ഊർജ്ജം നിസ്സാരമായിരുന്നില്ല. എങ്കിലും, പ്രായോഗിക ജീവിതത്തിൽ ഒരു താങ്ങായി കൂടെ നിൽക്കാൻ ഒരാൾപോലുമില്ലാത്ത അവസ്ഥ അവൻ അനുഭവിച്ചറിയുകയായിരുന്നു.

കുറച്ചധികം കുട്ടികൾക്ക് ഇരുന്ന് പഠിക്കുവാനുള്ള സാഹചര്യം ഒരുക്കുക എന്നതായിരുന്നു അവന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. അതിന് ആത്മവിശ്വാസം വർധിപ്പിക്കുന്ന ഉപദേശങ്ങൾ ഉണ്ടായിട്ട് കാര്യമില്ല; പണം വേണം. തനിക്ക് ചുറ്റിനും ഉപദേശങ്ങൾ വേണ്ടുവോളമുണ്ട്, സാമ്പത്തികമായ സഹായമാണ് ഇല്ലാത്തത്.

അമ്മയുടെ തുച്ഛമായ ശമ്പളത്തിൽ നിന്നാണ് വീട്ടു കാര്യങ്ങൾ ഒപ്പിച്ചു കൊണ്ടുപോകുന്നത് എന്ന് പറയുന്നതായിരിക്കും ശരി.

നിത്യജീവിതത്തിൽ ഉണ്ടാകുന്ന വിലക്കയറ്റങ്ങൾ ഒന്നും യശോദയുടെ കമ്പനി മുതലാളിക്ക് അറിയേണ്ട ഘടകമായിരുന്നില്ല. അവർ ജോലിക്ക് ചേർന്ന് ഏഴു വർഷത്തിനിടെ എപ്പോഴോ ഒരു തവണ മാത്രമാണ് അൻപത് രൂപ ശമ്പളം വർദ്ധിപ്പിച്ചിട്ടുള്ളത്.

നിത്യോപയോഗ സാധനങ്ങളുടെ വില ഇതിനകം പത്ത് മടങ്ങ് വർദ്ധിച്ചു കഴിഞ്ഞു. കോളേജിൽ ഓരോ ദിവസവും ഓരോ ചിലവുകളാണ്. അതൊക്കെ കഷ്ടിച്ച് തന്റെ ട്യൂഷൻ വരുമാനത്തിൽ നിന്നും ഒരുവിധം നടത്തിപ്പോകുന്നു.

ട്യൂഷൻ വരുന്ന കുട്ടികളിൽ പകുതിപ്പേരും സമയത്തിന് ഫീസ് തരാറില്ല. പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് അവരിൽ മിക്കവരും. അതുകൊണ്ടുതന്നെ നിർബന്ധിച്ച് ചോദിക്കുവാനും ദീപുവിന് മനസ്സ് വരാറില്ല.

വരുമാനത്തിലെ കുറവും ചിലവിലെ വർദ്ധനയും ദീപു അഭിമുഖീകരിക്കുന്ന പുതിയ പ്രശ്നമായി. സാമ്പത്തികമായ ഈ അസന്തുലിതാവസ്ഥ, ദീപുവിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സം നിന്നു.

സ്വയം പണം കൈകാര്യം ചെയ്യാൻ പഠിച്ചതിൽ പിന്നെയാണ്, തുച്ഛമായ തന്റെ വരുമാനത്തിൽ അമ്മ വീട്ടുചിലവുകൾ നടത്തുന്നതോടൊപ്പം തന്റെ ആവശ്യങ്ങളും എങ്ങനെ നടത്തിയിരുന്നു എന്നും അതിന്റെ കഷ്ടപ്പാടുകളും അവന് മനസ്സിലാവുന്നത്.

ചിലപ്പോൾ താൻ പറയുന്ന ആവശ്യങ്ങൾ കേൾക്കുന്ന നിമിഷം അമ്മയുടെ മുഖത്ത് പെട്ടെന്നുണ്ടാവുന്ന മങ്ങലിന്റെ കാരണം ഇപ്പോൾ അവന് വ്യക്തമാണ്. എങ്കിലും അവന്റെ ആവശ്യങ്ങൾ ഒന്നുപോലും ആ അമ്മ നിഷേധിച്ചിട്ടില്ല എന്ന സത്യം അവൻ അതിശയത്തോടെ ഓർക്കുന്നു.

വിദൂരഭാവിയിൽ, അനിശ്ചിതമായി സംഭവിച്ചേക്കാവുന്ന ഒരു സാധ്യതയ്ക്ക് വേണ്ടിയുള്ള പ്രയാണത്തെ, ഉദ്ദീപിപ്പിച്ചു നിർത്തുക എന്നത് മാത്രമാണ് ആത്മവിശ്വാസം പകരുന്ന വാക്കുകൾ തനിക്ക് സമ്മാനിക്കുന്നത്.

പക്ഷേ അവിടേക്കുള്ള യാത്രയ്ക്ക് പണം അത്യന്താപേക്ഷിതമായ, എന്നാൽ ഒരു സാധാരണക്കാരന് വേഗത്തിൽ അപ്രാപ്യമായ ഒന്നാണെന്നും ദീപു മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

പുതുതായി എന്തെങ്കിലുമൊക്കെ ചെയ്യണം, എന്തിനും താൻ തയ്യാറാണ്. പക്ഷേ, എങ്ങനെ? മറ്റാരോടെങ്കിലും കടം വാങ്ങണം. എന്നാൽ, എപ്പോൾ തിരികെ കൊടുക്കാൻ കഴിയും എന്ന് നിശ്ചയം ഇല്ലാത്തപ്പോൾ എങ്ങനെയാണ് ഒരാളോട് കടം ചോദിക്കാൻ കഴിയുക?

റിജോയ്ക്ക് നേടാൻ കഴിഞ്ഞതും, തനിക്ക് നേടാൻ കഴിയാത്തതിന്റെയും അന്തരം നാൾക്ക് നാൾ വർദ്ധിച്ചു വരുന്നു എന്ന സത്യം അവൻ വളരെ പെട്ടെന്ന് മനസ്സിലാക്കി.

വിജയിച്ചേ മതിയാകൂ എന്ന ഒരൊറ്റ ചിന്ത മാത്രമേ അവനുണ്ടായിരുന്നുള്ളൂ. ഇന്ന് താൻ അനുഭവിക്കുന്ന ഇത്രയും ദുസ്സഹമായ സാഹചര്യത്തിൽ നിന്നും എത്രയും പെട്ടെന്ന് കരകയറിയേ പറ്റൂ. അതിനുവേണ്ടി എന്തെങ്കിലും ചെയ്തേ മതിയാകൂ... പക്ഷേ, എന്ത്? വളരെ മോശപ്പെട്ട സമയങ്ങളിൽ റിജോയോട് അത്യാവശ്യം പണം കടം വാങ്ങിയിരുന്നു, എന്നാൽ ഇപ്പോഴും അത് കൊടുത്തു തീർക്കാൻ കഴിഞ്ഞിട്ടില്ല. റിജോ ഇപ്പോൾ മോശമല്ലാത്ത രീതിയിൽ പണം സമ്പാദിക്കുന്നുണ്ട്. അവന്റെ അമ്മയ്ക്ക് ആവശ്യമായ ചില ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ വാങ്ങി നൽകിയതിനെക്കുറിച്ച് അവൻ ദീപുവിനോട് അഭിമാനത്തോടെ പറഞ്ഞിരുന്നു.

തന്റെ അമ്മയ്ക്കുവേണ്ടി പലതും ചെയ്യണം എന്ന ആഗ്രഹം അവനുണ്ട്. പുതിയൊരു സാരിയെങ്കിലും വാങ്ങി നൽകാൻ ആഗ്രഹിച്ചിട്ടുതന്നെ മാസങ്ങളായി, പക്ഷേ കഴിയണ്ടേ?

എന്തിനാണെങ്കിലും ആദ്യം തന്റെ വരുമാനമാർഗ്ഗം ഉയരണം. ട്യൂഷൻ കുട്ടികൾക്കായി ഒരു ഷെഡ്ഡ് പണിയണം, അതിൽ അവർക്ക് ഇരിക്കാനുള്ള ബഞ്ച് ഉണ്ടാക്കണം. അവൻ അത് ഉണ്ടാക്കുന്ന ആളുകളെ തേടിപ്പിടിച്ചു വിവരങ്ങൾ അന്വേഷിച്ചു, വീട്ടിൽ മരങ്ങൾ ഉള്ളതിനാൽ എങ്ങനെയും ഒരു പതിനായിരം രൂപ കൂടി അത്യാവശ്യമാണ്. ആര് തരും?

ഈ ചിന്തകൾ അവന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. അവൻ ജനലഴികളിലൂടെ വിദൂരതയിലേക്ക് നോക്കിയിരുന്നു. ചിറകുകൾ നിശ്‌ചലമാക്കി വട്ടമിട്ട് പറക്കുന്ന ഏകാകിയായ ഒരു പരുന്ത് അവന്റെ കണ്ണിൽപ്പെട്ടു. ആ ജീവിക്കും തന്നെപ്പോലെ ഇത്രത്തോളം മാനസിക വ്യഥ അനുഭവിക്കേണ്ടി വരുന്നുണ്ടോ ആവോ?

തുടരും...
ജെപി പാലക്കാട്.

കവിതകള് Kavithakal

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.

#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ #മലയാളം #പ്രണയം #കഥയുംകവിതയും #പ്രണയകവിതകൾ #മഴവെയിൽ

19/11/2025

#മഴയും_വെയിലും_81
ഷീനയും ദീപുവും നടന്ന് ലൈബ്രറിക്ക് പുറത്തുള്ള ചെറിയ പാർക്കിന്റെ സിമെന്റ് ബഞ്ചിൽ ഇരുന്നു.

"താൽക്കാലിക മായിട്ടാണെങ്കിലും പഠിപ്പിക്കുന്നത് നല്ല താണ് അറിവ് കൊടുക്കുന്നതോടൊ കൊടുക്കുന്നതോടൊപ്പം നിനക്ക് കൂടുതൽ അറിവ് നേടേണ്ടതുമുണ്ട്, അതുകൊണ്ട് വായനയ്ക്ക് കൂടുതൽ സമയം കണ്ടെത്തണം മുന്നോട്ട് പോവാൻ അത് വഴിവിളക്കാകും" ഷീന മറ്റൊരു പുസ്തകത്തിനായി തപ്പിയതിന് ശേഷം തുടർന്നു.

"റൂമിയുടെ ഒരു വരിയുണ്ട്. എത്ര മനോഹരമാണതെന്നോ..." അവൾ തന്റെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളിൽ നിന്നും റൂമിയുടെ കവിതാ സമാഹാരത്തിൻ്റെ പുസ്തകം തുറന്നു വായിച്ചു.

"എന്തിനാണ് ഒരു കൂട്ടിലടച്ച പക്ഷിയെപ്പോലെ പറക്കാൻ ആഗ്രഹിക്കുന്നത്? വാതിലുകൾ തുറന്നിട്ടിരിക്കുകയല്ലേ? നീയാണ് നിൻ്റെ കവാടം. നീയാണ് നിൻ്റെ താക്കോൽ. നീ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെല്ലാം നിന്നിലാണ്."

"നിൻ്റെ ലോകം നിൻ്റെ വീടിൻ്റെ വരാന്തയിൽ ഒതുങ്ങേണ്ടതല്ല ദീപു. അമ്മയുടെ വാക്കുകൾ നിന്നെ നിയന്ത്രിക്കുമ്പോഴും, മുന്നിലുള്ള വിശാലമായ ആകാശത്ത് പാറിപ്പറക്കുവാൻ നിനക്ക് കഴിയണം.

നിനക്ക് എന്തായിത്തീരാൻ കഴിയുമെന്നോ, എത്രത്തോളം ഉയരാൻ കഴിയുമെന്നോ ഉള്ളതിനെ ഒരു നിയന്ത്രണങ്ങളും ബാധിക്കരുത്. നീ നിൻ്റെ യാത്ര തുടരുക. ഭയമില്ലാതെ, പക്ഷെ വിവേകത്തോടെ," ഷീന പറഞ്ഞു നിർത്തി.

"ഞാനൊരിക്കലും ആ യാത്രയിൽനിന്ന് പിന്നോട്ട് പോകില്ല, ചേച്ചി," ദീപു ഉറച്ച സ്വരത്തിൽ പറഞ്ഞു.

സമയം വൈകിയിരിക്കുന്നു, പാർക്കിലെ അലങ്കാര ബൾബുകൾ തെളിഞ്ഞു, ചേച്ചിയോടൊപ്പം അവിടെ ഇരിക്കുന്നത് തന്നെ അറിയുന്നവർ ആരെങ്കിലും കാണുമോ എന്ന ഭയം അവനുണ്ടായിരുന്നു.

പക്ഷേ ആരൊക്കെ എന്ത് തന്നെ പറഞ്ഞാലും ഷീന എന്ന ആ വ്യക്തിത്വം സമാനതകളില്ലാത്ത എന്നാൽ ആരും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു അസാമാന്യ പ്രതിഭയാണെന്ന് അവൻ മനസ്സിലാക്കി, അടുത്തറിയും തോറും വളരെ ആഴമുള്ള ഒരു കിണർ എന്നൊക്കെ പറയാമോ? അറിയില്ല, അറിവിന്റെ, സംസ്കാരത്തിന്റെ, സ്നേഹത്തിന്റെ, ക്ഷമയുടെ, വ്യക്തിത്വത്തിന്റെ സൗന്ദര്യത്തിന്റെ,ഒക്കെ നിറകുടം എന്ന് വേണമെങ്കിൽ നിസ്സംശയം പറയാം.

തന്റെ പ്രണയാഭ്യർത്ഥനകൾ എല്ലാം മനസ്സിലാക്കിയിട്ടും, മനസ്സ് ചഞ്ചലപ്പെടാതെ, പ്രായപൂർത്തിയായിട്ട് മനസ്സ് പറയുന്ന ശരി സ്വീകരിക്കും എന്ന് പറയുന്ന ഗൗരിയുടെ പക്വമായ വാക്കുകൾ ഈ ചേച്ചിയുടെ അനുജത്തി ആയതിന്റെ പ്രതിഫലനമാണ്.

താനോ? ഗൗരിയെ ഒന്നു കാണുമ്പോഴേയ്ക്കും സകല നാടീ വ്യൂഹങ്ങളും തളർന്ന് വികാരാധീനനായിപ്പോവുന്ന അവസ്ഥ പരിഹാസ്യ യോഗ്യമാണ്, താൻ ഷീന ചേച്ചിയിൽ നിന്നും ഗൗരിയിൽ നിന്നും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു...

ചേച്ചി എവിടെനിന്നായിരിക്കും ഇതെല്ലാം നേടിയിട്ടുണ്ടാവുക? അച്ഛനമ്മമാരിൽ നിന്നോ? ചിറ്റയിൽ നിന്നോ? അനുഭവങ്ങളിൽ നിന്നോ? അതോ വായനയയിൽ നിന്നോ? ഏതായാലും തനിക്കും ആ പാഠശാല വേണ്ടിയിരുന്നു, കുറഞ്ഞ പക്ഷം കുറച്ചുകൂടി നേരത്തേ ചേച്ചിയെ പരിചയപ്പെടേണ്ടതായിരുന്നു.

ഒന്നുറപ്പാണ്, അച്ഛനില്ലാതെ, അമ്മയുടെ തണലിൽ രണ്ട് പെൺകുട്ടികൾ വ്യക്തിത്വ വികാസം നേടി, തന്റേടത്തോടെ രണ്ട് വാക്ക് പറയുന്ന പെൺകുട്ടികളെ ദുർ നടത്തക്കാരികളായി സമൂഹം വിലയിരുത്തുന്ന നാട്ടിൽ, അവർ തല ഉയർത്തി നടക്കുന്നുണ്ടെങ്കിൽ, അവർ അത് സ്വയം ആർജ്ജിച്ചെടുത്തതാണ്.

അല്ലെങ്കിലും മരുഭൂമിയിലെ കള്ളി മുൾ ചെടികൾക്ക്, വെള്ളം ഒഴിച്ചു വളർത്തേണ്ടതുണ്ടോ?
കൂർത്ത മുള്ളുകളുള്ള അവയെ പെട്ടന്ന് ആർക്കെങ്കിലും കീഴടക്കാൻ കഴിയുമോ?

തുടരും...
ജെപി പാലക്കാട്.

കവിതകള് Kavithakal

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.

#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ #മലയാളം #പ്രണയം #കഥയുംകവിതയും #പ്രണയകവിതകൾ #മഴവെയിൽ

Wish you and your family a very Happy ONAM
05/09/2025

Wish you and your family a very Happy ONAM

15/08/2025
📣 Seeking Distributors Across India!We are expanding and looking for enthusiastic distributors to join our network.🤝 Int...
21/07/2025

📣 Seeking Distributors Across India!

We are expanding and looking for enthusiastic distributors to join our network.

🤝 Interested in becoming a distributor?
📞 Contact us today for distributorship opportunities!

📧 Email: [email protected]
🌐 Website: www.spaceq.in
📱 Phone: 7034508587

Address

Palghat

Alerts

Be the first to know and let us send you an email when Space Q Mobile accessories and households posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share