09/10/2025
മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാടിൽ രൂക്ഷവിമർശനുമായി ഹൈക്കോടതി. കേന്ദ്ര നിലപാട് അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതെന്ന് കോടതി പറഞ്ഞു. സഹായിക്കാൻ കഴിയില്ല എന്നല്ല, മനസ്സില്ല എന്ന് തുറന്നുപറയാൻ കേന്ദ്രം ആർജവം കാണിക്കണം. കേരളത്തിനോട് ചിറ്റമ്മനയമാണെന്നും, ഗുജറാത്തിനും ഹരിയാനക്കും അസമിനും പണം നൽകുമ്പോൾ ഈ നിലപാട് അല്ലല്ലോ എന്നും കോടതി തുറന്നടിച്ചു.
നിലവിലെ ബാങ്കിങ് നിയമങ്ങൾ അനുസരിച്ചും ദുരന്തനിവാരണ നിയമം അനുസരിച്ചും വായ്പ എഴുതിത്തള്ളാൻ ആകില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ ന്യായീകരണം. 'ഫാൻറ്റാസ്റ്റിക്' എന്നായിരുന്നു ഇതിന് കോടതിയുടെ പ്രതികരണം. റിസർവ് ബാങ്കിന് മുകളിൽ കേന്ദ്രത്തിന് അധികാരമില്ലെന്നാണോ പറയുന്നതെന്ന് കോടതി പരിഹസിച്ചു. "നിങ്ങൾ ആരെയാണ് മനസിലാക്കിത്തരാൻ ശ്രമിക്കുന്നത്. കേന്ദ്രമില്ലെങ്കിൽ റിസർവ് ബാങ്ക് ഉണ്ടോ.. ബാങ്കുകളിൽ ഇടപെടാൻ കേന്ദ്രത്തിന് കഴിയില്ല എന്നാണോ.. ന്യായം പറഞ്ഞ് വരേണ്ട, പറ്റില്ല എങ്കിൽ പറ്റില്ല എന്ന് പറയണം. എന്തിനാണ് ഇത്തരത്തിൽ സത്യവാങ്മൂലം നൽകുന്നത്." - കോടതി ചോദിച്ചു.
കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ നൽകാൻ കോടതി നിർദേശം നൽകി. ബാങ്കുകൾക്ക് കോടതി നോട്ടീസ് അയക്കും. വായ്പ എഴുതിത്തള്ളാൻ ആകില്ലെന്നാണ് ബാങ്കുകൾ അറിയിക്കുന്നതെങ്കിൽ റിക്കവറി നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെടും. വായ്പകളിൽ മറ്റ് തിരിച്ചുപിടിക്കൽ നടപടികൾ പാടില്ലെന്നും ഉത്തരവുണ്ടാകും വരെ എല്ലാ നടപടികളും സ്റ്റേ ചെയ്യാനും കോടതി നിർദേശിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ കേന്ദ്രസർക്കാർ എഴുതിത്തള്ളില്ലെന്ന് ബുധനാഴ്ചയാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ന്യായീകരിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. വായ്പ എഴുതിത്തള്ളുന്നതിൽ നിലപാട് അറിയിക്കണമെന്ന് കോടതി കേന്ദ്രസർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
വായ്പ ഇളവ് നൽകുന്നതിനുള്ള ദുരന്തനിവാരണ നിയമത്തിലെ അനുബന്ധവകുപ്പ് 2025 മാർച്ചിൽ ഭേദഗതി ചെയ്‌തെന്നും അതിനാൽ എഴുതിത്തള്ളൽ സാധ്യമല്ലെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. തീരുമാനം എടുക്കണ്ടത് ബാങ്കുകളാണ്. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നും കേന്ദ്രം അറിയിച്ചു.
വായ്പ എഴുതിത്തള്ളാനുള്ള അധികാരം ദുരന്തനിവാരണ അതോറിറ്റിക്ക് നൽകുന്ന ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞിരുന്നു. എന്നാൽ വിവേചനാധികാരം ഉപയോഗിച്ച് ദുരന്തബാധിതരെ സഹായിച്ചുകൂടേ എന്നും, വായ്പ എഴുതിത്തള്ളുന്നതിൽ മാനുഷിക പരിഗണന കാട്ടണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് നേരത്തെ അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്രസർക്കാർ മുഖവിലയ്ക്കെടുത്തില്ല.
ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളിയ കേരള ബാങ്കിനെ മാതൃകയാക്കണമെന്ന് കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. 207 പേരുടെ 3.85 കോടി രൂപയുടെ വായ്‌പയാണ് കേരള ബാങ്ക് എഴുതിത്തള്ളിയത്.
മുന്നൂറോളം മരിച്ച ദുരന്തത്തിന്റെ ഇരകളുടെ പുനരധിവാസത്തിന് തുച്ഛമായ തുക മാത്രം അനുവദിച്ച് കഴിഞ്ഞ ദിവസം കേരളത്തോടുള്ള അവഗണന കടുപ്പിച്ചിരുന്നു കേന്ദ്രസർക്കാർ. 2162.05 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടപ്പോൾ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 14 മാസത്തിനുശേഷം അനുവദിച്ചത് 260.56 കോടി രൂപമാത്രമാണ്. ബിജെപി ഭരിക്കുന്ന അസമിന് വിവിധ ഇനങ്ങളിലായി 2160 കോടി രൂപയാണ് അനുവദിച്ചത്. ദുരന്ത ആഘാത ലഘൂകരണ, പുനരുദ്ധാരണ, പുനർനിർമാണ പദ്ധതികൾക്കായി അസം, കേരളം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയാണ് അനുവദിച്ചത്.
2024 ജൂലൈ 29 അർധരാത്രിയാണ് മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകൾ ഉൾപ്പെടുന്ന മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ ഉരുൾപൊട്ടലിൽ ഇല്ലാതായത്.