17/09/2018
കാനഡായിലേക്കു വരാൻ തയ്യാറെടുക്കുന്ന ഓരോ കുഞ്ഞും, അവരുടെ മാതാപിതാക്കളും നിര്ബന്ധമായി വായിച്ചു അറിയാൻ
കുറച്ചു കാലങ്ങൾക്കു മുൻപ്, കുട്ടികൾ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ എൻട്രൻസ് കോച്ചിങ്ങിനു പോകുന്നതായിരുന്നു ഫാഷൻ. പ്രീ ഡിഗ്രി കഴിഞ്ഞാൽ എഞ്ചിനിയർ, ഡോകടർ, ബി.എസ്. സി നേഴ്‌സ്, ഫിസിയോ തെറാപ്പി, ഡെന്റിസ്റ്റ്, മുതലായവ ആയിരുന്നു അക്കാലത്തെ പ്രധാനപ്പെട്ട കോഴ്‌സുകൾ. കേരളത്തിൽ ഈ കോഴ്‌സുകൾക്ക് എൻട്രൻസ് എഴുതി കിട്ടിയില്ലെങ്കിൽ പിന്നെ, ബാംഗ്ലൂർ, മംഗലാപുരം, ചെന്നൈ, തുടങ്ങിയ കോളേജുകളിൽ വൻ തുകകൾ ഡൊണേഷൻ നൽകി കുഞ്ഞുങ്ങളെ പറഞ്ഞയച്ചു കൊണ്ടിരുന്ന മാതാപിതാക്കൾ, ഇന്ന് കാനഡായിലേക്കു കുട്ടികളെ ഉപരിപഠനാർത്ഥം പറഞ്ഞു വിടുന്നു.
കാനഡായിലേക്കു വരുന്നതിനു മുൻപ് അറിയേണ്ടതും, മനസിലാക്കേണ്ടതും ആയ ചില കാര്യങ്ങൾ.
🎈പ്ലസ് 2 പഠിക്കുന്ന ഓരോ കുട്ടിക്കും, തനിക്ക് എന്താകണം, ആരാകണം എന്ന വ്യക്തമായ ഒരു ബോധം വേണം..എന്നിട്ടു ആ കോഴ്‌സ് കാനഡായിലെ ഏതൊക്കെ കോളേജിൽ ഉണ്ടെന്നും, അതിന്റെ ഫീസ് എത്രെയെന്നും വിലയിരുത്തുക. ഈ കോഴ്‌സ് പഠിച്ചാൽ ജോലി സാദ്ധ്യതകൾ ഉണ്ടോയെന്നും, ശമ്പളം എത്രെയെന്നും, നോക്കി മനസ്സിലാകുക. കോളേജിന്റെ ഫേസ്ബുക്ക് പേജിലും, മറ്റും പോയി ഈ കോളേജിൽ പഠിക്കുന്ന കുട്ടികളുടെ അഭിപ്രായവും, വിലയിരുത്തലും, പരാതികളും ഒക്കെ വായിക്കുക. നിങ്ങളുടെ കോഴ്‌സ് തിരഞ്ഞെടുത്തിട്ടുള്ള കുട്ടികളെ ആ ഫേസ്ബുക്ക് പേജിൽ കൂടി കണ്ടെത്താൻ നോക്കുക.. അവരുമായി ബന്ധപ്പെട്ടു നിങ്ങളുടെ സംശയങ്ങൾ, ആവലാതികൾ ദൂരീകരിക്കുവാൻ ശ്രമിക്കുക. നിങ്ങൾക്ക് ഈ കോളേജ് ഇഷ്ടമായെങ്കിൽ മാത്രം അവരുമായി നേരിട്ട് ബന്ധപ്പെട്ടു അഡ്‌മിഷൻ കാര്യങ്ങളെ പറ്റി ഇ-മെയിൽ മുഖേനയോ, ഫോൺ മുഖേനയോ ബന്ധപ്പെടുക. മിക്ക കോളേജുകളും നേരിട്ട് കുട്ടികളെ എടുക്കാൻ സന്നദ്ധരാണ്.
🎈ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്ന പ്രധാന പ്രശ്നം, നിങ്ങൾ ആരാകണമെന്നു നിശ്ചയിക്കുന്നത് കാനഡാ ഏജന്റന്മാരാണ്. നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന ഒരു കോഴ്‌സുമായി നിങ്ങൾ ഏജന്റിനെ സമീപിക്കുമ്പോൾ, ഏജന്റ് അവർക്കു ഏറ്റവും കൂടുതൽ കമ്മീഷൻ ഓഫർ ചെയ്തിരിക്കുന്ന കോഴ്‌സ് ആകും. THE BEST COURSE IN CANADA എന്ന ലേബലിൽ നിങ്ങളുടെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമിക്കുന്നത്.. ഇവിടെ കാനഡായിൽ ചിലവാകാത്ത കോഴ്‌സുകൾ ആണ് മറ്റു രാജ്യങ്ങളിലെ കുട്ടികൾക്ക് പഠിക്കാനായി കൊടുക്കുന്നതെന്ന ആരും പറയാത്ത കാര്യം നമ്മൾ ഓരോരുത്തരും മനസ്സിലാക്കുക തന്നെ വേണം.
🎈കാനഡാ വലിയ ഒരു രാജ്യമാണ്.. ഞാൻ ഒരു കാനഡാ വാസിയായതു കൊണ്ട് തന്നെ എനിക്ക് കാനഡയുടെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള സഥലത്തെ കാര്യങ്ങളോ, കോളേജിനെ പറ്റിയുള്ള വിവരങ്ങളോ, ഭൂപ്രകൃതിയുടെ കാര്യങ്ങളോ ഒന്നും ശരിയായി അറിയില്ല. ആയതിനാൽ നിങ്ങൾ കാനഡായിൽ എവിടേക്കു ആണോ വരുന്നത്, ഫേസ്ബുക്കിൽ കൂടിയോ, ഇന്റർനെറ്റിൽ കൂടിയോ ഒക്കെ ചികഞ്ഞു പിടിച്ചു അതാത് സ്ഥലങ്ങളിലെ അസോസിയേഷനുകളുടെ ആളുകളെയോ, പള്ളി / അമ്പലം തുടങ്ങിയവയുടെ ഭാരവാഹികളെയോ, അല്ലെങ്കിൽ കാനഡയിൽ ഉള്ള ആരെയെങ്കിലുമോ ഒക്കെ ബന്ധപ്പെട്ടു അവിടുത്തെ കാര്യങ്ങളെ പറ്റി അറിഞ്ഞിരിക്കണം. നിങ്ങൾ ഏജൻസികളുടെ അടുത്ത് ചെല്ലുമ്പോൾ, അവർ, ആ ഏജൻസിക്കാരുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന കുറച്ചു കുട്ടികളുടെ നമ്പർ തരും.,. അവരെ വിളിച്ചു ചോദിക്കുന്ന നിങ്ങൾക്കു ഒരിക്കലും സത്യമായ കാര്യങ്ങൾ അറിയാൻ സാധിക്കില്ല.... അവർ ഏജൻസിക്കാർ പറഞ്ഞു പഠിപ്പിച്ച തത്തമ്മേ പൂച്ച പൂച്ച എന്ന് ഏറ്റു ചൊല്ലുമ്പോൾ അത് കേട്ട് കണ്ണുമടച്ചു വിശ്വസിച്ചു ഇറങ്ങി തിരിക്കരുത്.
🎈ഇവിടെ പഠിക്കാൻ വരുന്ന ഓരോ കുട്ടിക്കും, ആഴ്ച്ചയിൽ, 20 മണിക്കൂർ ആണ് ജോലി ചെയ്യാൻ ആവുക. ഇതിനു 14 ഡോളർ ആണ് മണിക്കൂറിനു ലഭിക്കുക. അപ്പോൾ ഒരു കുട്ടിക്ക്, അവന്റെ പഠിത്തം കഴിഞ്ഞു 80 മണിക്കൂർ നിയമപരമായി ജോലി ചെയ്യാം. ഇതിൽ ടാക്‌സും, മറ്റു വെട്ടും, കുത്തും എല്ലാം പോയി കഴിഞ്ഞു നമ്മുടെ കൈയ്യിൽ മണിക്കൂറിനു 12.70 ഒക്കെയാകും ലഭിക്കുക. നിങ്ങളുടെ താമസം, ഭക്ഷണം, യാത്ര ചെലവ്, ടെലിഫോൺ, ഇന്റർനെറ്റ് ഇവയുടെ ചിലവുകൾ എല്ലാം നിങ്ങൾ കണക്കു കൂട്ടണം. നിങ്ങൾ പഠിക്കാൻ വരുന്ന സഥലത്ത്, ജോലി കിട്ടാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടോ എന്നും, വീട് വാടക എത്രയെന്നും, ഒക്കെ നിങ്ങൾ മനസ്സിലാക്കുക തന്നെ വേണം... പിന്നെ ക്യാഷ് ജോബിന് പോകുന്ന കുട്ടികളുണ്ട് ഇവിടെ.. (നിയമപരമല്ലാത്ത ഒരു പ്രവണത ആണെങ്കിലും, ജീവിക്കാൻ വേണ്ടി "മാന്യമായ ജോലികൾ" ചെയ്യുന്നതിൽ തെറ്റില്ല). അതായതു ടാക്‌സ് ഇല്ലാതെ ശമ്പളം കൈയിൽ കിട്ടുന്ന രീതിയാണിത്. പക്ഷെ അതിനൊക്കെയുള്ള സ്ഥാപനങ്ങളും, ജോലി സാദ്ധ്യതകളും അവിടെ ഉണ്ടോ എന്ന് അറിഞ്ഞിരിക്കണമെന്നത് പ്രധാനമാണ്. കാരണം അന്യ രാജ്യത്ത് നിന്നും യഥേഷ്ടം കുട്ടികൾ വരാൻ തുടങ്ങിയതോടെ, കാനഡയിലെ പട്ടിക്കാട് പ്രദേശങ്ങളിൽ വരെ കോളേജുകൾ തുറക്കാൻ തുടങ്ങി.. നിങ്ങളുടെ പണം കൊണ്ട് സാവകാശം ആ സ്ഥലം വികസിച്ചു വരും. അങ്ങനെയുള്ള പ്രദേശത്തേക്ക് ഒക്കെയാണ് നിങ്ങൾ വന്നു പെടുന്നതെങ്കിൽ പ്രശ്നം ഗുരുതരം ആണ്.. ഏജൻസികൾ പറയുന്ന ജോലിയും, കൂലിയും, വണ്ടിയും വള്ളവും ഒന്നും കിട്ടിയെന്നു വരില്ല.
🎈കാനഡായ്ക്കു വരാനായി IELTS പഠിക്കുവാൻ പോകുന്ന ആൺകുട്ടികളും, പെൺകുട്ടികളും നിർബന്ധമായും പാചകം പഠിച്ചിരിക്കണം. പെൺകുട്ടികൾ പാചകത്തോടൊപ്പം, തയ്യൽ, ബേക്കിങ്, അല്പം ബ്യുട്ടീഷൻ പണി മുതലായവ കൂടി പഠിച്ചാൽ, പോക്കറ്റ് മണി അല്പം കൂട്ടാനാകും.
🎈കാനഡായിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ മഞ്ഞിനെ പറ്റിയും, അതിന്റെ കാഠിന്യത്തെ പറ്റിയും, ആ സമയത്തും ജോലിക്കു പോകാൻ ആകുമോ എന്നതിനെ പറ്റിയും, ബസ്സ്, ട്രെയിൻ സൗകര്യങ്ങളെ പറ്റിയും, ഒരു ധാരണ വേണം. ഓരോ പ്രവശ്യകളിളെയും കാലാവസ്ഥകൾ വ്യത്യസ്തങ്ങളാണ്.
🎈നാട്ടിൽ നിന്നും ബാങ്കിൽ GIC അക്കൗണ്ട് തുടങ്ങാനായി SCOTIA BANK നെ ആശ്രയിക്കുന്നതാണ് നല്ലതു.. ICICI ബാങ്കിൽ തുടങ്ങിയാൽ, അവർക്കു ഇവിടെ വിരലിൽ എണ്ണാവുന്ന ശാഖകൾ മാത്രമാണ് ഉള്ളത്... മാത്രവുമല്ല കസ്റ്റമർ സർവീസ് എന്ന കാര്യം കേട്ട് കേൾവി പോലും ഇല്ലാത്ത ഒരു കൂട്ടരാണിത്..
കാനഡായിലേക്കു വരുന്നതിനു മുൻപേ നല്ലൊരു ഹോംവർക്ക് നടത്തി, ഇവിടുത്തെ കാര്യങ്ങളെ പറ്റി ഒരു ഏകദേശ ധാരണയോടെ പോരൂ... അതല്ലാതെ ഏജന്റ് പറഞ്ഞതാണ് വേദവാക്യം എന്ന് പറഞ്ഞു ഇങ്ങോട്ടു വന്നാൽ നിങ്ങടെ കാര്യം സ്വാഹ: